KOYILANDY DIARY.COM

The Perfect News Portal

വെറ്ററിനറി സർവകലാശാലയ്‌ക്കെതിരെയുള്ള മാധ്യമങ്ങളുടെ വ്യാജ പ്രചാരണത്തിനെതിരെ വിദ്യാർത്ഥി കൂട്ടായ്മ

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയ്‌ക്കെതിരെയുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ വ്യാജ പ്രചാരണത്തിനെതിരെ വിദ്യാർത്ഥി, പൂർവ വിദ്യാർത്ഥി കൂട്ടായ്മ. അധ്യാപക നിയമനം വൈകുന്നത്‌ തങ്ങളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന്‌ വിദ്യാർത്ഥികൾ പറഞ്ഞു. സർവകലാശാലയിൽ 2014-ലാണ് ജനറൽ വിഭാഗത്തിലെ അധ്യാപക നിയമനത്തിൽ അവസാനമായി വിജ്ഞാപനം വന്നത്. പത്ത് വർഷത്തിനുശേഷം ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താൻ ശ്രമിക്കുമ്പോൾ അതിനെ എതിർക്കുന്നവർ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയുമാണ്‌ നിരാശയിലാക്കുന്നത്‌.

156 അധ്യാപക തസ്‌തികയിൽ നിയമനം നടത്തുന്നതാണ്‌ വലിയ അപരാധമായി ചിത്രീകരിക്കുന്നത്‌. കോളേജുകളിലെ ഡിപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ അധ്യാപക ക്ഷാമം രൂക്ഷമായി നിലവിലുണ്ടെന്നുള്ള വസ്തുതയാണ്‌ മാധ്യമങ്ങൾ മറച്ചുപിടിക്കുന്നത്‌. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ അംഗീകാരം നേടിയെടുക്കുന്നതിന് സർവകലാശാലയ്‌ക്ക്‌ അധ്യാപക നിയമനം നടത്തണം. അംഗീകാരം ലഭിച്ചില്ലെങ്കിൽ ദേശീയ തലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിജി, പിഎച്ച്‌ഡി പോലുള്ള ഉപരിപഠനസാധ്യതകൾ നഷ്ടമാകുമെന്നും കൂട്ടായ്‌മ പറഞ്ഞു.

 

ഡെയറി കോളേജുകളിൽ ഉള്ളത്‌ 26 അധ്യാപകർ

Advertisements

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിൽ നടക്കാനിരിക്കുന്ന അധ്യാപകനിയമനങ്ങൾ അനധികൃതമാണെന്ന മാധ്യമവാർത്തകൾ അപലപനീയമെന്ന്‌ അധികൃതർ. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് റാങ്കിങ്ങിൽ നാലാം റാങ്കുള്ള കേരള വെറ്ററിനറി സർവകലാശാലയ്ക്ക് നാല്‌ ഡെയറി സയൻസ് കോളേജുകളാണുള്ളത്. ഇതിൽ ആകെ 26 അധ്യാപകർ മാത്രമേ നിലവിലുള്ളൂ. 

 

വെറ്ററിനറി, ഡെയറി, -ഭക്ഷ്യസാങ്കേതിക മേഖലകളിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്താൻ അധ്യാപക നിയമനം അനിവാര്യവുമാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ധാരാളം ഉദ്യോഗാർഥികൾ ഈ മേഖലകളിൽ തൊഴിലിനായി കാത്തിരിക്കുന്നുണ്ട്‌. എല്ലാ സർക്കാർ, യുജിസി നിയമങ്ങളും സംവരണ തത്വങ്ങളും പാലിച്ചുമാത്രം നടത്താൻ സാധിക്കുന്ന നിയമനങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുന്നത് ഖേദകരമാണ്. 

യുജിസി സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾക്കായി ഇറക്കിയ മിനിമം യോഗ്യതകൾ സംബന്ധിച്ച ഉത്തരവുകൾ പാലിച്ചാണ്‌ നിയമനങ്ങൾക്കായുള്ള സ്കോർ കാർഡും അഭിമുഖത്തിനുള്ള മാർക്കുകളും സർവകലാശാല അംഗീകരിച്ചത്. നിലവിൽ സർവകലാശാലയിലെ ബഹുഭൂരിപക്ഷം അധ്യാപകരും കരിയർ അഡ്വാൻസ്‌മെന്റ് പ്രൊമോഷനിലൂടെ സ്ഥാനക്കയറ്റം ലഭിച്ചവരാണ്. അസി. പ്രൊഫസർ തസ്തികകളിലുള്ള ഒഴിവുകളിലേക്ക്‌ മാത്രമാണ് എല്ലാ സംവരണ നിയമങ്ങളും പാലിച്ച്‌ നിയമനം നടത്തുന്നതെന്നും സർവകലാശാല അറിയിച്ചു.

Share news