ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ ശക്തമായ കരിങ്കൊടി പ്രതിഷേധം

തൃശൂർ: ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ ശക്തമായ കരിങ്കൊടി പ്രതിഷേധം. ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യ സർവകലാശാലാ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ തൃശൂർ രാമനിലയം മുതൽ മെഡിക്കൽ കോളേജ് വരെ പ്രതിഷേധത്തിന്റെ ചൂട് അറിഞ്ഞു. വഴിനീളെ എസ്എഫ്ഐ പ്രവർത്തകർ കറുത്ത കൊടികൾ ഉയർത്തി.

സിആർപിഎഫും പൊലീസും ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും എസ്എഫ്ഐ നേതൃത്വത്തിൽ നാലിടത്ത് പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ പ്രതിഷേധവുമായെത്തി. തിരൂർ, മുളങ്കുന്നത്തുകാവ്, ചൈന ബസാർ, ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് കരിങ്കൊടി വീശിയത്.

ജനാധിപത്യ സംവിധാനങ്ങളെയാകെ നോക്കുകുത്തിയാക്കിയുള്ള ഗവർണറുടെ ഏകാധിപത്യ നടപടികൾക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധം. ഗവർണർ രാമനിലയത്തുനിന്ന് പുറപ്പെടുന്നതിനുമുന്നോടിയായി, സൈറൺ മുഴക്കി മൂന്ന് പൈലറ്റ് വാഹനങ്ങളും ഗവർണറുടെ ഡമ്മി വാഹനവും കടത്തിവിട്ട് പ്രവർത്തകരെ പൊലീസ് കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായി ഗവർണറുടെ വാഹന വ്യൂഹത്തിനുനേരെ വിദ്യാർത്ഥികൾ കരിങ്കൊടിയുമായെത്തി.

കരിങ്കൊടി കാണിച്ചവരോട് പൊലീസ് ക്രൂരമായാണ് പെരുമാറിയത്. ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ, പ്രസിഡന്റ് ആർ വിഷ്ണു തുടങ്ങിയവരെ വളഞ്ഞിട്ടുപിടികൂടി തെരുവിൽ വലിച്ചിഴച്ചു. കണ്ണിനു പരിക്കേറ്റ ചേർപ്പ് സ്വദേശി കേരളവർമ കോളേജ് വിദ്യാർത്ഥി മണികണ്ഠനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോക്, സിവിൽ സർവീസ് ട്രെയ്നി എഎസ്പി ഹരീഷ് ജയ്ൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ നേരിട്ടത്.

