കൊയിലാണ്ടിയിലെ മദ്യം, മയക്കുമരുന്ന് വ്യാപനത്തിനെതിരെ കടുത്ത നടപടി ഉണ്ടാകണം

കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന മദ്യ- മയക്കുമരുന്ന് വ്യാപനത്തിനെതിരെ അധികൃതർ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളണമെന്നും കോഴിക്കോട് ജില്ലാ മദ്യനിരോധന സമിതി ആവശ്യപ്പെട്ടു. സിവിൽ ഭരണത്തിൻ്റെ കൊള്ളരുതായ്മയും പൊതു സമൂഹത്തിൻ്റെ അനാസ്ഥയുമാണ് ഇത്തരം സംഭവങ്ങൾക്ക് അടിസ്ഥാനമെന്ന് യോഗം ആരോപിച്ചു.

ഏഴു മാസമായി മലപ്പുറത്ത് തുടരുന്ന മദ്യനിരോധന സമിതിയുടെ അനിശ്ചിതകാല സമരം ശക്തിപ്പെടുത്തുമെന്ന് യോഗം തീരുമാനിച്ചു. സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഡിനേറ്ററായി പി. പുരുഷോത്തമനെ നിശ്ചയിച്ചു. സുമ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ , അഡ്വ. സുജാത എസ് വർമ്മ, ഇയ്യച്ചേരി പത്മിനി, പപ്പൻ കന്നാട്ടി, വി.കെ ദാമോദരൻ, ബഷീർ പത്താൻ, ടി.കെ. കണ്ണൻ, വേലായുധൻ കീഴരിയൂർ എന്നിവർ സംസാരിച്ചു.

