‘പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണം’: തെരുവുനായ ശല്യത്തില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി
.
തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പൊതുയിടങ്ങളില്‍ നിന്നും നായകളെ നീക്കണം, പിടികൂടുന്ന തെരുവ് നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇടക്കാല ഉത്തരവില്‍ പറഞ്ഞു. നായകളെ പിടികൂടുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണം. ദേശീയപാതയടക്കം റോഡുകളില്‍ നിന്ന് കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സര്‍ക്കാരുകളും ദേശീയപാത അതോറിറ്റിയും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താന്‍ പ്രത്യേക പെട്രോളിങ് സംഘത്തെ നിയോഗിക്കണം. പിടികൂടുന്ന തെരുവ് നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. ശേഷം പിടികൂടിയ അതേസ്ഥലത്ത് നായകളെ തുറന്നുവിടരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്കി.

സര്‍ക്കാര്‍ ഓഫീസുകള്‍, സ്പോര്‍ട്സ് കോംപ്ലക്സുള്‍, ബസ് സ്റ്റാന്‍ഡ് റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടെയുള്ള പൊതുവിടങ്ങളില്‍ തെരുവുനായകള്‍ കയറാതിരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ദിവസേനയുള്ള പരിശോധന നടത്തണം. നടപ്പിലാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിമാര്‍ സുപ്രീംകോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രംനാഥ്, എന്‍ വി അഞ്ജരിയ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.




