അഞ്ചുവയസുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; കിടക്കയിൽ മൂത്രം ഒഴിച്ചതിന് സ്വകാര്യഭാഗത്ത് പൊള്ളിച്ചു
.
പാലക്കാട് കാഞ്ചിക്കോട് അഞ്ച് വയസുകാരിക്ക് നേരെ രണ്ടാം അമ്മയുടെ ക്രൂര മർദനം. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേൽപ്പിച്ചു. കുട്ടിയുടെ അങ്കണവാടി അധ്യാപികയ്ക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബീഹാർ സ്വദേശിനി നൂർ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ചാണ് അഞ്ചുവയസ്സുകാരിയെ രണ്ടാനമ്മ അധിക്രൂരമായി മർദിച്ചത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേൽപ്പിക്കുകയായിരുന്നു. അങ്കണവാടി അധ്യാപികയാണ് സംഭവം കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച വാളയാർ പൊലീസ് ഇതോടെ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനിയും കുട്ടിയുടെ രണ്ടാനമ്മയുമായ നൂർ നാസറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിക്ക് നേരെ മുമ്പും ക്രൂരമായ ആക്രമണം നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ കൈയിലും കാലിലും പൊള്ളലേറ്റ പാടുകളും കണ്ടെത്തി. കുട്ടിയുടെ
അച്ഛൻ്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ആക്രമണം കുട്ടിയുടെ അച്ഛൻ അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ജൂവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു. രണ്ടാനമ്മയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും.




