KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കും

.

സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കുകയാണ്. ഒക്ടോബർ മാസം 22 മുതൽ ഇന്നേ ദിവസം വരെ നീണ്ടുനിന്ന മേളയിൽ 41 ഇനങ്ങളിലായി പതിനായിരത്തോളം മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആകെ 19,310 കുട്ടികളാണ് കായികമേളയിൽ പങ്കെടുത്തത്. ഇതിൽ 9,579 ആൺകുട്ടികളും 9,731 പെൺകുട്ടികളും ഉൾപ്പെടുന്നു. കൂടാതെ 2,000 പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും മേളയിൽ ഭാഗമായിരുന്നു. 19,310 കുട്ടികളുടെ പങ്കാളിത്തം ഒരു ലോക റെക്കോർഡാണ് എന്നും എന്നാൽ ഇത് രേഖപ്പെടുത്തുന്ന ആധികാരിക സ്ഥാപനങ്ങളെ അറിയിക്കുന്നതിൽ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

 

അടുത്ത വർഷം സംസ്ഥാന കായികമേള കണ്ണൂർ ജില്ലയിൽ വെച്ച് നടത്തുന്ന വിവരം പ്രഖ്യാപിക്കുകയുണ്ടായി. മേളയുടെ സമാപനത്തോടനുബന്ധിച്ച്, ഇവിടെ ഉയർത്തിയ പതാക വിദ്യാഭ്യാസ ഡയറക്ടർ താഴത്തുകയും തുടർന്ന് ആ പതാക കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറുകയും ചെയ്തു.

Advertisements

 

പ്രതികൂല കാലാവസ്ഥ ഉണ്ടായിരുന്നിട്ടും, കുട്ടികൾ കാഴ്ചവെച്ചത് അത്യുജ്വലമായ പ്രകടനമായിരുന്നു. കായികമേളയിൽ ആകെ 32 ഇനങ്ങളിൽ മീറ്റ് റെക്കോർഡുകൾ ഭേദിക്കപ്പെട്ടു. ഇതിൽ അത്‌ലറ്റിക്സിൽ 15 റെക്കോർഡുകളും അക്വാട്ടിക്കിൽ 17 റെക്കോർഡുകളും ഉൾപ്പെടുന്നു. സംസ്ഥാന തലത്തിലുള്ള കായികമേളകളിൽ ഇത്രയധികം റെക്കോർഡുകൾ ഭേദിക്കപ്പെടുന്നത് ആദ്യമായിട്ടാണ്.

 

ആകെ 12 വേദികളിലായിട്ടാണ് മത്സരങ്ങൾ നടന്നത്. അത്‌ലറ്റിക്സിൽ 86 വ്യക്തിഗത ഇനങ്ങളും 12 ടീം ഇനങ്ങളും ഉൾപ്പെടുത്തി. കളരിപ്പയറ്റ് ഉൾപ്പെടെ 19 ഇനങ്ങളിലായി മെയിൽസിലും മത്സരങ്ങൾ നടന്നു. കൂടാതെ 23 മറ്റ് കായികയിനങ്ങളിലും വാട്ടർപോളോയിലും മത്സരങ്ങൾ നടന്നു. മത്സരങ്ങളുടെ വിജയത്തിനായി ജനപ്രതിനിധികൾ ചെയർമാൻമാരായ സംഘാടക സമിതിയുടെ കീഴിൽ 17 സബ് കമ്മിറ്റികൾ രൂപീകരിച്ചു. കുട്ടികളുടെ ഭക്ഷണം, താമസ സൗകര്യം, ഗതാഗതം, വെൽഫെയർ, പുരസ്കാരങ്ങൾ, ട്രോഫികൾ എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്.

 

സെന്റർ സ്റ്റേഡിയത്തിൽ 25,000 സ്ക്വയർ ഫീറ്റിലും നിർമ്മൽ ഹാങ്കറിൽ ഒരു താൽക്കാലിക ഇൻഡോർ സ്റ്റേഡിയവും നിർമ്മിച്ചു. ഇവിടെ 11 ഗെയിമുകളിലായി വ്യത്യസ്ത കാറ്റഗറികളിൽ മത്സരങ്ങൾ നടന്നു. യുഎഇയിൽ നിന്നുള്ള പെൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘം ഈ വർഷം വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനായി ആയിരത്തോളം ഒഫീഷ്യൽസും സെലക്ടേഴ്സും 500-ഓളം വളണ്ടിയർമാരും പ്രവർത്തിച്ചു.

 

ശക്തമായ കാലവർഷത്തിനിടയിലും അർത്ഥവത്തായ ഏകോപനത്തിലൂടെ സംസ്ഥാന കായികമേള മത്സരങ്ങൾ വിജയകരമായി നടത്തുന്നതിന് സാധിച്ചു. ഗ്രീൻഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള മത്സരവേദികളാണ് കുട്ടികൾക്കായി ഒരുക്കിയിരുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻസ്, സ്പോർട്സ് കൗൺസിൽ, സ്പോർട്സ് ഡയറക്ടറേറ്റ് എന്നിവരുടേതുൾപ്പെടെ നിർലോഭമായ സഹകരണമാണ് മേളയുടെ വിജയത്തിന് കാരണമായത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ എല്ലാ നിലയിലുള്ള പിന്തുണയും പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്.

 

ലഹരിക്കെതിരായുള്ള പ്രതിരോധമാണ് കായികമേളയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടത്. കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡോപ്പിംഗ് സംബന്ധമായ പരിശോധന നടത്തുന്നതിനും അവബോധം നൽകുന്നതിനുമായി ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾക്ക് വിവരം നൽകിയിരുന്നു. ഇതിനുവേണ്ടിയുള്ള എല്ലാ സജീകരണങ്ങളും സംഘാടക സമിതി ഒരുക്കിയിരുന്നുവെങ്കിലും പ്രസിദ്ധ ഏജൻസികൾ എത്തിച്ചേരുകയുണ്ടായിട്ടില്ല.

 

ആയുഷ് സ്പോർട്സ്, ആയുർവേദ, അലോപ്പതി, ഹോമിയോ വിഭാഗം, ഫിസിയോതെറാപ്പിസ്റ്റ് വിഭാഗം തുടങ്ങിയ ആരോഗ്യവകുപ്പിന്റെ എല്ലാ സംവിധാനങ്ങളും അക്ഷീണം പ്രവർത്തിക്കുകയും മേളയ്ക്ക് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. വേദികൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിലും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി തിരുവനന്തപുരം നഗരസഭ, ഹരിത കർമ്മസേന, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി, വളന്റിയർമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ക്ഷീണം മറന്ന് പ്രവർത്തിച്ച ഒരു മേളയാണിതെന്നും അദ്ദേഹം പറഞ്ഞു.

Share news