സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. തൃശൂര്‍ രാമനിലയത്തില്‍ വൈകിട്ട് 3.30 നാണ് പ്രഖ്യാപനം. 128 സിനിമകളാണ് അവാര്‍ഡിനായി ജൂറി പരിഗണിച്ചത്. സബ് കമ്മിറ്റികള്‍ ഇതില്‍ നിന്ന് തെരഞ്ഞെടുത്ത സിനിമകളാണ് അന്തിമ വിധി നിര്‍ണയത്തിന് എത്തിയത്.

തെന്നിന്ത്യന്‍ നടനും സംവിധായകനുമായ പ്രകാശ് രാജ് ചെയര്‍മാനായ ജൂറിയാണ് തെരഞ്ഞെടുത്തത്. മികച്ച നടനായുള്ള കടുത്ത മത്സരത്തില്‍ ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിയും, കിഷ്കിന്ധ കാണ്ഡത്തിലെ അഭിനയത്തിന് ആസിഫ് അലിയുമാണ് പരിഗണിക്കപ്പെടുന്നത്.

നവാഗത സംവിധായകനുള്ള പുരസ്കാരത്തില്‍ മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. 36 സിനിമകളാണ് ഇക്കുറി അവസാന റൗണ്ടിലെത്തിയത്. ചലച്ചിത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്, ഫെമിനിച്ചി ഫാത്തിമ എന്നീ ചിത്രങ്ങളും മികച്ച ചിത്രമാകാനുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഉണ്ട്. ഈ ചിത്രങ്ങളില്‍ വേഷമിട്ട കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവരാണ് മികച്ച നടിക്ക് വേണ്ടി മത്സരിക്കുന്നത്. അനശ്വര രാജന്, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.




