നിപയെ വീണ്ടും തോൽപ്പിച്ച് സംസ്ഥാനം; നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി രോഗവിമുക്തയായി

നിപയെ വീണ്ടും തോൽപ്പിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി രോഗവിമുക്തയായി. പൂനൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ആയത്.

കഴിഞ്ഞമാസം നാലാം തീയതിയാണ് പാലക്കാട് തച്ചനാട്ടുകര സ്വദേശിനി 38 കാരിയായ യുവതിയെ പെരിന്തൽമണ്ണ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരും, മറ്റ് ആരോഗ്യ പ്രവർത്തകരും നടത്തിയ പരിചരണത്തിന് ഒടുവിലാണ് യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നത്. മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലും പൂണൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും 3 ഘട്ടങ്ങളിലായി നടത്തിയ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഫലം നെഗറ്റീവ് ആയെങ്കിലും, ഇപ്പോഴും രോഗി വെന്റിലേറ്ററിൽ തുടരുകയാണ്.

നിപ വൈറസ് തലച്ചോറിന് ഏൽപ്പിച്ച ആഘാതം, അതീവ ഗുരുതരമായതിനാൽ ചികിത്സ തുടരേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ജനറൽ മെഡിസിൻ മേധാവി ഡോ. ജയേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ഷമീർ, ഗായത്രി എന്നിവ അടങ്ങുന്ന പ്രത്യേക സംഘമാണ് ചികിത്സിച്ചത്. മാരകരോഗമായ നിപയെ വീണ്ടും പ്രതിരോധിക്കാൻ സാധിച്ചത്, സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് മറ്റൊരു പൊൻതൂവലായി മാറി.

