വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാൻ ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തന പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നതായി മന്ത്രി വി ശിവൻകുട്ടി. ലഹരി ഉപയോഗം കണ്ടെത്തുക, അറിയിക്കുക, പരിഹാര മാർഗങ്ങൾ നിശ്ചയിക്കുക എന്നിങ്ങനെയുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) തയാറാക്കിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലഹരി വസ്തുക്കൾ സ്കൂൾ ക്യാമ്പസിലേക്ക് എത്തുന്നതിനെതിരെ ജാഗ്രത പുലർത്തുന്നതിന് രക്ഷകർത്താക്കളെ ബോധവൽക്കരിക്കുന്നതിന് രക്ഷകർത്തൃ ഗ്രൂപ്പുകൾ ചേർന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് പരിരക്ഷ, സുരക്ഷ, പങ്കാളിത്തം എന്നീ ഘടകങ്ങൾ പരിഗണിച്ചുകൊണ്ട് ഒരു കർമ്മ പദ്ധതി സ്കൂൾ തലത്തിൽ നടത്തുകയും ചെയ്തു. 2024-25 അക്കാദമിക വർഷത്തിൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, മലയാളം, ഉറുദു, അറബി എന്നീ വിഷയങ്ങളിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ പ്രസ്തുത വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ 2025-26 അക്കാദമിക വർഷം പരിഷ്കരിക്കുന്ന വിവിധ വിഷയങ്ങളിലെ പാഠപുസ്തങ്ങളിൽ പ്രസ്തുത വിഷയം ഉൾപ്പടുത്തുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങളിലും ലഹരിയ്ക്കും മയക്കു മരുന്നിനും എതിരായിട്ടുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളിൽ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരികൾ ലഭിക്കുന്ന വഴികൾ തടയേണ്ടതും അടിയന്തിര ആവശ്യമായി മാറിയതായും മന്ത്രി പറഞ്ഞു. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും. മാർച്ച് 30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും യോഗം ചേരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

