KOYILANDY DIARY.COM

The Perfect News Portal

‘ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർത്ഥപൂർണ്ണമായ ഉദാഹരണമായിരുന്നു ശ്രീനിവാസൻ’: സജി ചെറിയാൻ

.

മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർത്ഥപൂർണ്ണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിൽ എത്തിച്ച മറ്റൊരു കലാകാരൻ നമുക്കിടയിലില്ല ശ്രീനിവാസനെ അനുസ്മരിച്ച് മന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

 

മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു. ‘നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’, ‘മിഥുനം’, ‘പട്ടണപ്രവേശം’ തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത് അവ കൈകാര്യം ചെയ്ത മനുഷ്യാവസ്ഥകളുടെ തീക്ഷ്ണത കൊണ്ടാണ്. സംവിധായകൻ എന്ന നിലയിൽ ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ കലാപരമായ ഔന്നിത്യം ഉയർത്താനും അദ്ദേഹത്തിന് സാധിച്ചു. ഓരോ മലയാളിയുടെയും സ്വീകരണമുറിയിലെ ഒരംഗത്തെപ്പോലെ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും.

Advertisements

 

ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരൻ കൂടിയായിരുന്നു. ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ഒട്ടും ചോരാതെ കലയാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. പ്രിയ കലാകാരന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും വേദനയിൽ ആദരവോടെ ഞാനും പങ്കുചേരുന്നു.

Share news