KOYILANDY DIARY.COM

The Perfect News Portal

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കായിക പരിശീലകർ; മന്ത്രി വി അബ്‌ദുറഹ്‌മാൻ

കൽപ്പറ്റ: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ പറഞ്ഞു. റവന്യു ജില്ലാ സ്‌കൂൾ കായികമേള മുണ്ടേരി ജില്ലാ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത സാമ്പത്തിക വർഷം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മൈക്രോ ലെവൽ കായിക പ്രവർത്തനങ്ങൾക്ക് തുക നീക്കിവയ്ക്കും.
പഞ്ചായത്തുകളിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് ചുരുങ്ങിയത് ആറ് പരിശീലകരെ നിയമിക്കും.  ഓരോ വിദ്യാലയം കേന്ദ്രീകരിച്ചും കായിക പരിശീലനം ഊർജിതമാക്കും. 500 കോടിയോളം രൂപയുടെ കായിക അടിസ്ഥാന വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്.
ഓരോ ജില്ലയിലും സിന്തറ്റിക് ട്രാക്കുകൾ അടക്കമുള്ള സംവിധാനങ്ങൾ കൊണ്ടുവരാനുള്ള നടപടി പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. ടി സിദ്ദിഖ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്, ഡിഇഒ കെ എസ് ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു.

 

Share news