വയനാട് വനമേഖലയിൽ പ്രത്യേക കടുവാ സെൻസസ്
വയനാട്: ദേശീയ കടുവാ സെൻസസ് റിപ്പോർട്ട് വന്നതിന് പിന്നാലെ വയനാട് വനമേഖലയിൽ സംസ്ഥാന വനംവകുപ്പ് നടത്തുന്ന പ്രത്യേക സെൻസസ് ചൊവ്വാഴ്ച മുതൽ. വയനാട്ടിൽ കടുവാക്രമണം വർധിച്ച സാഹചര്യത്തിലാണ് പ്രത്യേക സെൻസസ്. വയനാട് വന്യജീവി സങ്കേതം, നോർത്ത് വയനാട്, സൗത്ത് വയനാട് വനം ഡിവിഷനുകൾ, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ, കണ്ണൂർ വനം എന്നിവയുൾപ്പെടുന്ന മേഖലയിലാണ് കണക്കെടുപ്പ്. വനങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. ചൊവ്വ മുതൽ 45 ദിവസം നീളുന്നതാണ് സെൻസസ്.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ട 2022ലെ ദേശീയ കടുവാ സെൻസസ് റിപ്പോർട്ടിൽ പറയുന്നത് നീലഗിരി ജൈവ മണ്ഡലത്തിലും അതിന്റെ ഭാഗമായ വയനാട്ടിലും കടുവകളുടെ എണ്ണം കുറഞ്ഞെന്നാണ്. ഇത് അവിശ്വസനീയമാണെന്നാണ് പൊതുവെയുള്ള വികാരം. ജില്ലയിൽ കടുവാക്രമണങ്ങൾ ഏറ്റവും കൂടിയ വർഷങ്ങളാണ് കടന്നുപോയത്. ഇപ്പോഴും ശല്യം രൂക്ഷമാണ്. തിങ്കളാഴ്ചയും ജനവാസ കേന്ദ്രത്തിൽ കടുവ കൂട്ടിലായി. മനുഷ്യരെവരെ കടുവ കൊന്നുതിന്നുകയാണ്.
