KOYILANDY DIARY

The Perfect News Portal

പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികളിൽനിന്ന് അനധികൃത ഫീസ് ഈടാക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികളിൽനിന്ന് അനധികൃത ഫീസ് ഈടാക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡ്. സംസ്ഥാന, ജില്ലാതലത്തിൽ രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടത്തും. പ്രവേശനത്തിന്റെ അലോട്ട്മെന്റ് കത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ വാങ്ങാവൂവെന്ന് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇതിന്‌ വിപരീതമായി ചില സ്കൂൾ അധികൃതർ ഉയർന്ന ഫീസ് ഈടാക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് സ്‌ക്വാഡ് രൂപീകരിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

അനധികൃത പിരിവ് കണ്ടെത്തിയാൽ സ്കൂൾ അധികൃതർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കും. പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചവരുടെ പ്രവേശനം വെള്ളി വൈകിട്ട് അഞ്ചിന് അവസാനിക്കും. 12ന് രണ്ടാമത്തെയും 19ന് മൂന്നാമത്തെയും അലോട്ട്മെന്റ്‌ പ്രസിദ്ധീകരിക്കും.
പരാതി നൽകാൻ: ഇ – മെയിൽ‌: ictcelldhse@gmail.com. ഫോൺ : 0471 258-0508, 580522, 529855, 2580742, 2580730.