ഫ്രാൻസിനെ 2-1ന് കീഴടക്കി സ്പെയ്‌ൻ യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ

ബെർലിൻ: കടുത്ത പോരാട്ടത്തിൽ ഫ്രാൻസിനെ 2-1ന് കീഴടക്കി സ്പെയ്‌ൻ യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ. പിന്നിട്ടുനിന്ന ശേഷമായിരുന്നു സ്‌പാനിഷ് സംഘത്തിൻ്റെ മനോഹരമായ തിരിച്ചുവരവ്. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്-നെതർലൻഡ്‌സ് സെമിയിലെ ജേതാക്കളെ ഫൈനലിൽ നേരിടും. ഞായറാഴ്‌ചയാണ് ഫൈനൽ. ഫ്രാൻസിനായി കോളോ മുവാനി ലക്ഷ്യം കണ്ടു. പതിനാറുകാരൻ ലമീൻ യമാലും ഡാനി ഒൽമോയും ഗോളടിച്ചു. യൂറോയിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് യമാൽ. 16 വർഷവും 362 ദിവസവുമാണ് പ്രായം.

സ്പെയ്നിന്റെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. യമാലിൻ്റെ കൃത്യതയുള്ള ക്രോസിൽ ഫാബിയാൻ റൂയിസ് തലവച്ചെങ്കിലും വല കാണാനായില്ല. മറുവശത്ത് ഫ്രാൻസ് കിട്ടിയ ആദ്യ അവസരംതന്നെ ലക്ഷ്യത്തിലെത്തിച്ചു. കിലിയൻ എംബാപ്പെയുടെ ബോക്‌സിലേക്കുള്ള ക്രോസിൽ മുവാനി കൃത്യമായി തലവച്ചപ്പോൾ സ്പെയ്ൻ ഞെട്ടി. ഈ യൂറോയിൽ ഫ്രാൻസ് പിഴവുഗോളും പെനൽറ്റിയുമല്ലാതെ നേടുന്ന ആദ്യ ഗോളായി അത്. രണ്ട് പിഴവുഗോളും ഒരു പെനൽറ്റിയുമായിരുന്നു സെമിവരെ ഫ്രാൻസിന്റെ ഗോൾ പട്ടികയിലുണ്ടായത്.

പ്രതിരോധംകൊണ്ട് ഒറ്റ ഗോളിൽ പിടിച്ചുനിൽക്കാമെന്ന ഫ്രാൻസിൻ്റെ നീക്കത്തെ തകർത്തായിരുന്നു സ്പെയ്നിന്റെ ഇരട്ടപ്രഹരം. ആദ്യം ബോക്‌സിന് പുറത്തുനിന്നുള്ള യമാലിൻ്റെ ഇടംകാൽകൊണ്ടുള്ള ഉശിരൻ ഗോൾ. ഫ്രഞ്ച് പ്രതിരോധത്തിൻ്റെ വിടവിലൂടെ ഉയർന്ന പന്ത് വലയുടെ ഇടതുപോസ്‌റ്റിൽ തട്ടി അകത്തേക്ക് വീണു. ഫ്രഞ്ച് ഗോൾ കീപ്പർ മൈക്ക് മയ്‌ഗനാന് എത്തിപ്പിടിക്കാനായില്ല.

നാല് മിനിറ്റിനുള്ളിൽ രണ്ടാം ഗോളെത്തി. വലതുപാർശ്വത്തിൽനിന്ന് ജീസസ് നവാസ് തൊടുത്ത ക്രോസ് ബോക്‌സിൽവച്ച് തട്ടിത്തെറിച്ചു. പന്ത് ഒൽമോയുടെ കാലിൽ. സ്‌പാനിഷ് താരത്തിൻ്റെ ചാട്ടുളി പോലുള്ള ഷോട്ട് കുതിച്ചു. ഓടിയെത്തിയ ഫ്രഞ്ച് പ്രതിരോധക്കാരൻ ജൂലസ് കുണ്ടെ കാൽവച്ച് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പന്ത് വലയിൽതന്നെ വീണു. 2012നുശേഷമുള്ള സ്പെയ്‌നിൻ്റെ ആദ്യ യൂറോ ഫൈനലാണിത്. യൂറോ ചരിത്രത്തിലെ നാലാം ഫൈനലിൽ.
