KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ ഇടതുസർക്കാരിനോട് ഐക്യദാർഢ്യം: വ്യാപാരി വ്യവസായി ഏകോപന സമിതി

.

കേരളത്തിലെ ഇടതുസർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു മുഖ്യമന്ത്രിമാരും ചെയ്യാത്ത ഉപകാരം തങ്ങള്‍ക്ക് ചെയ്ത് തന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ക‍ഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റേത് വ്യാപാരി സൗഹൃദ നിലപാടാണെന്നും സർക്കാരിനെതിരെ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

‘1964 മുതൽ ഉള്ള പിഴയും പലിശയും ഒക്കെ ചേർത്ത, സെയിൽസ് ടാക്സ് കുടിശ്ശിക അടക്കാൻ വയ്യാതെ വ്യാപാരം നിർത്തി പോയവർ ഉൾപ്പടെ പതിനായിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു. അവരുടെ കടം വീട്ടി തരണം എന്ന ആവശ്യം ഒരു മുഖ്യമന്ത്രിയും മുൻപ് നടത്തി തന്നില്ല, ആ കാര്യം മുഖ്യമന്ത്രി പിണറായി ആണ് ചെയ്തു തന്നത്.

Advertisements

ഞങ്ങൾ ഒരു രൂപപോലും അടച്ചില്ല, മുഴുവൻ ആളുകളുടെ ബാധ്യതയും എഴുതി തള്ളി അവരെ കടുത്ത പ്രതിസന്ധിയിൽ നിന്നും മോചിപ്പിച്ചു, കൂടാതെ അവർക്ക് മറ്റു സഹായങ്ങളും സർക്കാർ നൽകി’, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ വാക്കുകളാണിത്. മുൻ മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായി, പരാതികളുമായി എത്തുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് ഒരേസമയം പരിഹാരം കാണുന്ന രീതിയാണ് നിലവിലെ മുഖ്യമന്ത്രിയുടേതെന്നും രാജു അപ്സര പ്രശംസിക്കുന്നുണ്ട്.

സർക്കാരിനെതിരെ മത്സരിക്കണമെന്ന മുൻ തീരുമാനവും സംഘടന തൽക്കാലം പിൻവലിച്ചിരിക്കുകയാണ്. ഗവൺമെന്റിന് അനുകൂലമായ നിലപാടാണ് നിലവിലുള്ളതെന്നും, നികുതി സംവിധാനം വ്യാപാരികൾക്ക് സഹായകരമാണെന്നും രാജു അപ്സര ചൂണ്ടിക്കാട്ടി. പാരമ്പരാഗതമായി യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന സംഘടനയുടെ ഈ രാഷ്ട്രീയ മാറ്റം ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ തങ്ങൾക്ക് എതിരഭിപ്രായമില്ലെന്നും യുഡിഎഫ് ഭരണത്തേക്കാൾ മികച്ചതാണ് നിലവിലെ ഭരണമെന്നുമാണ് സമിതിയുടെ വിലയിരുത്തൽ. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതായി നിലവിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്നണികളുടെ മാനിഫെസ്റ്റോകൾ (പ്രകടനപത്രിക) വരുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ വ്യക്തത വരും. ഏതായാലും മുഖ്യമന്ത്രിയെയും ഇടതു സർക്കാരിനെയും പൂർണമായി പിന്തുണയ്ക്കുന്നതും പ്രശംസിക്കുന്നതുമായ രീതിയിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാൽത്താസമ്മേളനം.

Share news