KOYILANDY DIARY.COM

The Perfect News Portal

സൗരോർജ വിനോദ സഞ്ചാര ബോട്ടായ ‘ ഇന്ദ്ര’ മന്ത്രിമാരായ റോഷി അഗസ്‌റ്റിനും ആന്റണി രാജുവും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്‌തു

ആലപ്പുഴ: രാജ്യത്തെ ഏറ്റവും വലിയ സൗരോർജ വിനോദ സഞ്ചാര ബോട്ടായ ‘ ഇന്ദ്ര’ മന്ത്രിമാരായ റോഷി അഗസ്‌റ്റിനും ആന്റണി രാജുവും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. ദേശീയ ജലപാത ആലപ്പുഴ ടെർമിനലിൽ റോഷി അഗസ്‌റ്റിൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. തുടർന്ന്‌ എ എം ആരിഫ്‌ എം പിക്കും ജലഗതാഗതവകുപ്പ്‌ ഡയറക്‌ടർ ഷാജി വി നായർക്കുമൊപ്പം ഇരുവരും ബോട്ടിൽ സഞ്ചരിച്ചു.

പരിസ്ഥിതി സൗഹൃദ ജലഗതാഗതമെന്ന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള കാൽവെയ്‌പാണ്‌ 100 പേർക്ക്‌ സഞ്ചരിക്കാവുന്ന എയർ കണ്ടീഷൻ ചെയ്‌ത ഇരുനിലബോട്ട്‌. 3.5 കോടി രൂപയാണ്‌ നിർമാണച്ചെലവ്‌. മികച്ച സുരക്ഷിതത്വവും സാങ്കേതികമികവും പുലർത്തുന്നതാണ്‌ ബോട്ട്‌. ജലഗതാഗതവകുപ്പിന്റെ സീ കുട്ടനാട്‌, സീ അഷ്‌ടമുടി എന്നീ ബജറ്റ്‌ വിനോദസഞ്ചാര ബോട്ടുകളിൽനിന്ന്‌ മികച്ച വരുമാനം ലഭിച്ചതിനെത്തുടർന്നാണ്‌ ഇന്ദ്ര നിർമിച്ചത്‌.

 

ഏഴ്‌ നോട്ടിക്കൽ മൈൽ (12.96 കിലോമീറ്റർ) വേഗത്തിൽ സഞ്ചരിക്കാവുന്ന ബോട്ടിന്‌ 25 കിലോവാട്ട്‌ സോളാർ പാനലാണുള്ളത്‌. 20 കിലോവാട്ടിന്റെ ഇരട്ട വൈദ്യുതി മോട്ടോറും 40 കെ ഡബ്ലിയുഎച്ചിന്റെ രണ്ട്‌ മറൈൻ  ഗ്രേഡ്‌ എൽഎഫ്‌പി ബാറ്ററിയുമുണ്ട്‌. 26 മീറ്റർ നീളവും ഏഴുമീറ്റർ വീതിയുമുള്ള ബോട്ട്‌ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും വിനോദയാത്ര ഉറപ്പാക്കുന്നു. കുറഞ്ഞ ചെലവിൽ ഓടിക്കാമെന്നതാണ്‌ നേട്ടം. പ്രതിദിനം 1500 രൂപയുടെ ഇന്ധനം  ചെലവാകുന്ന സ്ഥാനത്ത്‌ വെറും 500 രൂപയാണ്‌ ഇന്ദ്രയുടെ ചെലവ്‌.

Advertisements
Share news