പാറശ്ശാലയിൽ സ്കൂളിലെ കിണറ്റിൽ പാമ്പുകളെ കണ്ടെത്തി

തിരുവനന്തപുരം: പാറശ്ശാലയിൽ സ്കൂളിലെ കിണറ്റിൽ പാമ്പുകളെ കണ്ടെത്തി. പാറശ്ശാല കൊടവിളാകം ഗവ. എൽപിഎസ് സ്കൂളിലെ കിണറ്റിലാണ് രണ്ടു പാമ്പുകളെ കണ്ടത്. ക്രിസ്മസ്-പുതുവത്സര അവധിക്ക് ശേഷം ഇന്നാണ് സ്കൂൾ തുറന്നത്. കുട്ടികളെ കൊണ്ടുവിടാൻ എത്തിയ രക്ഷിതാക്കൾ കിണറ്റിൽ പാമ്പിനെ കാണുകയായിരുന്നു. രണ്ട് പാമ്പുകളാണ് കിണറ്റിൽ ഉണ്ടായിരുന്നത്. തുടർന്ന് അധികൃതർക്കെതിരെ പ്രതിഷേധമുയർന്നു.

രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആഴ്ചകളായി കിണറ്റിൽ പാമ്പുകൾ കിടക്കുന്നുണ്ട്. പലവട്ടം സ്കൂൾ അധികൃതരോട് പരാതി പറഞ്ഞിരുന്നു. പാറശ്ശാല പഞ്ചായത്തിൽ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തുണ്ട്.

