KOYILANDY DIARY.COM

The Perfect News Portal

ലോക്‌സഭയ്‌ക്കുള്ളിൽ പുകബോംബ്‌ പ്രയോഗിച്ച സംഭവം; മുഖ്യ ആസൂത്രകൻ പിടിയിൽ

ന്യൂഡൽഹി: ലോക്‌സഭയ്‌ക്കുള്ളിൽ പുകബോംബ്‌ പ്രയോഗിച്ച ആറംഗ സംഘത്തിലെ പ്രധാന ആസൂത്രകൻ ഒരു ദിവസത്തിനുശേഷം പിടിയിലായി. കൊൽക്കത്ത സ്വദേശി ലളിത്‌ ഝായെ വ്യാഴാഴ്‌ച രാത്രി ഡൽഹിയിൽ അറസ്‌റ്റുചെയ്‌തെന്ന്‌ പൊലീസ്‌ പറഞ്ഞു. സംഘത്തിലെ അഞ്ചാമനായ വിക്കി ശർമയെയും ഭാര്യയെയും പൊലീസ്‌ ചോദ്യം ചെയ്യുകയാണ്‌.

വിക്കി ശർമയുടെ അറസ്റ്റ്‌ ഇനിയും രേഖപ്പെടുത്തിയിട്ടില്ല. പാർലമെന്റിന്‌ ഉള്ളിലും പുറത്തുമായി പ്രതിഷേധിച്ച നാലുപേർക്ക്‌ ഗുരുഗ്രാമിൽ താമസസൗകര്യമൊരുക്കിയത്‌ വിക്കിയാണ്‌. പുകബോംബ്‌ പ്രയോഗിച്ച സാഗർ ശർമ, ഡി മനോരഞ്ജൻ എന്നിവർക്കെതിരെയും പാർലമെന്റിനു പുറത്ത്‌ പ്രതിഷേധിച്ച നീലം ആസാദ്‌, അമോൽ ഷിൻഡെ എന്നിവർക്കെതിരെയും യുഎപിഎ ചുമത്തി.

 

കോടതിയിൽ ഹാജരാക്കിയ നാലു പേരെയും ഒരാഴ്‌ചത്തെ പൊലീസ്‌ കസ്റ്റഡിയിൽ വിട്ടു. ഫെയ്‌സ്‌ബുക്കിലെ ഒരു ഭഗത്‌ സിങ്‌ ഫാൻ പേജിലൂടെയാണ്‌ സംഘത്തിലെ ആറുപേരും സൗഹൃദത്തിലായതെന്ന്‌ പൊലീസ്‌ വൃത്തങ്ങൾ പറഞ്ഞു. തൊഴിലില്ലായ്‌മ, വിലക്കയറ്റം, മണിപ്പുർ കലാപം, കർഷകസമരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി രാജ്യശ്രദ്ധ ആകർഷിക്കുന്ന പ്രതിഷേധമാണ്‌ സംഘം പദ്ധതിയിട്ടത്‌.

Advertisements

 

സാഗറും മനോരഞ്‌ജനും ലളിയ്‌ ഝായും വിക്കിയും ഈ വർഷം ആദ്യം മൈസൂരുവിൽ ഒത്തുചേർന്ന്‌ പ്രാരംഭ ആസൂത്രണം നടത്തി. ഇതിനുശേഷമാണ്‌ നീലത്തിനെയും അമോലിനെയും സംഘത്തിൽ ഉൾപ്പെടുത്തിയത്‌. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ മനോരഞ്‌ജൻ പാർലമെന്റിലെത്തിയിരുന്നു. പുകബോംബ്‌ പ്രയോഗത്തിനായി പാർലമെന്റിലേക്ക്‌ പോകുന്നതിനുമുമ്പായി നാലുപേരുടെയും ഫോണുകൾ ലളിത്‌ ഝാ വാങ്ങിവെച്ചു. പുകബോംബ്‌  ദൃശ്യങ്ങൾ ബംഗാളിൽ ഇയാൾ ജോലിചെയ്‌തിരുന്ന എൻജിഒയുടെ ഉടമയ്‌ക്ക്‌ അയച്ചുകൊടുത്തതായി പൊലീസ്‌ കണ്ടെത്തിയിരുന്നു.

Share news