കുടുംബശ്രീ സംരംഭങ്ങൾക്ക് കരുത്തേകാൻ സ്‌മാർട്ട് ശ്രീ

കോഴിക്കോട് കുടുംബശ്രീ സംരംഭങ്ങൾക്ക് കൂടുതൽ മികവ് നൽകാൻ ഐഐഎം കോഴിക്കോടിന്റെ സ്‌മാർട്ട് ശ്രീ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ബിസിനസ് ഇൻക്യൂബേറ്ററായ ലബോറട്ടറി ഫോർ ഇന്നൊവേഷൻ വെഞ്ചറിങ് ആൻഡ് എന്റർപ്രണർഷിപ്പ് (ഐഐഎംകെ ലൈവ്) കുടുംബശ്രീ മിഷനുമായി സഹകരിച്ചാണ് ‘സ്മാർട്ട് ശ്രീ’ സംരംഭം ആരംഭിച്ചത്. സംസ്ഥാനത്തെ കുടുംബശ്രീയുടെ 150 ചെറിയ സംരംഭങ്ങൾക്ക് ശേഷീ വികസനം, പിന്തുണ, പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയ ഘടകങ്ങളിലൂടെ വളർച്ചയുണ്ടാക്കുകയും പ്രതിസന്ധിക്ക് പരിഹാരമൊരുക്കലുമാണ് ലക്ഷ്യം.

ഐഐഎംകെ ലൈവിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. അശുതോഷ് സാർക്കാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓര്‍ഡിനേറ്റർ പി സി കവിത എന്നിവർ ചേർന്ന് പ്രഖ്യാപനം നിർവഹിച്ചു. കലക്ടർ സ്നേഹിൽ കുമാർ സിങ് മുഖ്യാതിഥിയായി. വ്യവസായ, സേവന, ഭക്ഷ്യസംസ്കരണം തുടങ്ങിയ വിവിധ മേഖലകളിൽനിന്നുള്ള സംരംഭങ്ങളാണ് പട്ടികയിലുൾപ്പെടുത്തിയത്. ഐഐഎം അധ്യാപകർ, കുടുംബശ്രീ പ്രതിനിധികൾ, വ്യവസായ വിദഗ്ധർ എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്.

