രണ്ട് കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയതായി എസ് ഐ ടി റിമാൻഡ് റിപ്പോര്‍ട്ട്

.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിന്റെ സ്വർണ പാളികളിൽ നിന്ന് രണ്ട് കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയതായി എസ്ഐടി റിമാൻഡ് റിപ്പോര്‍ട്ട്. സ്വര്‍ണം യഥാര്‍ത്ഥ പാളിയില്‍ നിന്ന് വേര്‍തിരിച്ചെടുത്തുവെന്നും പാളികളില്‍ പൂശാന്‍ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ സ്വര്‍ണവും ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും തട്ടിയെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കുറ്റകരമായ ഗൂഢാലോചനയും കവര്‍ച്ചയുമാണ് നടന്നത്.

തട്ടിയെടുത്ത സ്വര്‍ണം എവിടെയെന്ന വിവരം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും കൂട്ടുപ്രതികളുടെ പങ്ക് വ്യക്തമാകണമെന്നും കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. റാന്നി കോടതിയിൽ എസ് ഐ ടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. അതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരെ കോടതി വളപ്പിൽ ചെരുപ്പേറുണ്ടായി.

കുടുക്കിയതാണൊ എന്ന ചോദ്യത്തിന് അത് അന്വേഷണ സംഘം കണ്ടെത്തുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എം എൻ എസ് 403, 406, 409, 466, 477 വകുപ്പുകളാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ചുമത്തിയത്. പെറ്റീഷന്‍ മെമോ 24ന് നൽകും. അഭിഭാഷകനോട് 10 മിനുട്ട് സംസാരിക്കാൻ പോറ്റിക്ക് കോടതി അനുമതി നൽകിയിരുന്നു. ജൂനിയര്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് അഭിഭാഷകനുമായി പ്രതി സംസാരിച്ചത്. പോറ്റിയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് കോടതി വിട്ടത്. ഒക്ടോബര്‍ 30 വരെയാണ് കസ്റ്റഡി.

