എസ്ഐആര്‍ പരിഷ്‌കരണം; 24.08 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയതിനെതിരെ സിപിഐഎം
.
സംസ്ഥാനത്ത് എസ്.ഐ.ആര്‍ (Special Intensive Revision) പരിഷ്‌കരണ നടപടികളിലൂടെ 24.08 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐഎം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് സിപിഐഎം വിമർശനം ഉന്നയിച്ചത്.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ‘കണ്ടെത്താനായില്ല’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നിരവധി വോട്ടര്‍മാര്‍ അവിടെയുണ്ടെന്ന് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത എം. വി. ജയരാജന്‍ ഉദാഹരണങ്ങളോടെ ചൂണ്ടിക്കാട്ടി. തന്റെയും ഭാര്യയുടെയും പേര് കണ്ടെത്താതവരുടെ പട്ടികയിലാണെന്ന് സിപിഐ പ്രതിനിധിയും മുന്‍ എംഎല്‍എയായ രാജാജി മാത്യു തോമസ് പറഞ്ഞു.

എസ്ഐആര്‍ നടപടികളുടെ സമയപരിധി നീട്ടണമെന്ന് ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോഗത്തില്‍ ആവശ്യപ്പെട്ടു. എസ്ഐആര്‍ പരിഷ്‌കരണത്തില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്നും, ഏകദേശം 50 ലക്ഷം പേര്‍ വരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാകുന്ന സാഹചര്യമാണെന്നും സിപിഐഎം ആരോപിച്ചു. എന്നാല്‍ സമയപരിധി തീരുമാനിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മറുപടി നല്‍കി.

എസ്ഐആര്‍ പരിഷ്‌കരണം ബീഹാര്‍ മോഡലില്‍ ഒരു വിഭാഗം വോട്ടര്‍മാരെ ഉദ്ദേശപൂര്‍വം ഒഴിവാക്കാനുള്ള ശ്രമമാണെന്ന സിപിഐഎമ്മിന്റെ ആരോപണം നിലവിലെ കണക്കുകള്‍ ശരിവെയ്ക്കുന്നതാണെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. യോഗത്തില്‍ ഇടതു പ്രതിനിധികള്‍ ഉന്നയിച്ച നിരവധി ആശങ്കകള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകയായ ഐശ്വര്യ സിംഗും യോഗത്തില്‍ പങ്കെടുത്തു.



