എസ്ഐആർ അന്തിമ പട്ടിക 21-ന്; ഹിയറിങ് നടപടി 14-ന് പൂർത്തിയാക്കും
.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷൻ തിടുക്കപ്പെട്ട് നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ (എസ്ഐആർ) നടപടികൾ കേരളത്തിൽ അവസാന ഘട്ടത്തിലേക്ക്. ഡിസംബർ 23-ന് ആരംഭിച്ച ഹിയറിങ് 14-ന് പൂർത്തിയാകും. 21ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ ജനുവരി 30വരെ പൊതുജനങ്ങൾക്ക് അപേക്ഷയും ആക്ഷേപങ്ങളും സമർപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു. പേര് ചേർക്കാനും തിരുത്താനുമായി ലഭിച്ച അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി അന്തിമ പട്ടികയിൽ ഉൾപ്പെടുത്തും. ജനുവരി 30-നുശേഷം ലഭിച്ച അപേക്ഷകൾ അന്തിമപട്ടിക പുറത്തിറങ്ങിയ ശേഷം പരിഗണിക്കും. അർഹരെ അനുബന്ധ പട്ടികയിൽ ചേർക്കും.

എസ്ഐആർ ഹിയറിങ് നിയോജക മണ്ഡലം തിരിച്ച് പുരോഗമിക്കുന്നു. ഇആർഒമാർക്കാണ് നടത്തിപ്പ് ചുമതല. കരട് വോട്ടർപ്പട്ടികയിലെ 2.54 കോടി വോട്ടർമാരിൽ, 2002-ലെ എസ്ഐആറുമായി ബന്ധിപ്പിക്കാനാകാത്ത 19.32 ലക്ഷം പേരെയാണ് ഹിയറിങ്ങിന് വിധേയമാക്കുകയെന്നാണ് കമീഷൻ നേരത്തെ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുപ്രകാരം 36 ലക്ഷത്തിലേറെ പേർക്കാണ് ഹിയറിങ് നോട്ടീസ് അയച്ചത്. ഇതിൽ 32 ലക്ഷംപേരുടെ ഹിയറിങ് പൂർത്തിയായി. ഹിയറിങ്ങിലൂടെ 21130 പേർ പുറത്തായി. ഇതിൽ 2804 പേർ എന്യൂമറേഷൻ കാലത്ത് മരിച്ചവരും 1039 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 17287 പേർ താമസം മാറിയവരുമാണ്.




