മകരവിളക്ക് അടുത്തതോടെ പുല്ലുമേട് വഴിയുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധന
.
മകരവിളക്ക് അടുത്തതോടെ പുല്ലുമേട് വഴിയുള്ള തീർത്ഥാടകരുടെ തിരക്കിലും ഗണ്യമായ വർധന. മല കയറില്ല മലയിറങ്ങിയാണ് ഈ പാതയിലൂടെ അയ്യപ്പനെ കാണാൻ എത്തുന്നത്. 5000 ത്തിന് അടുത്ത് തീർത്ഥാകരാണ് ഇപ്പോൾ നിത്യേന ഈ വഴി മലയിറങ്ങി എത്തുന്നത്. തുടക്കത്തിൽ കാര്യമായ തിരക്കില്ലാതിരുന്ന പുല്ലുമേട് പാതയിൽ ഇപ്പോൾ തീർത്ഥാടകരുടെ തിരക്കാണ്. കഴിഞ്ഞ ദിവസം 4898 പേരാണ് ഈ വഴി മലയിറങ്ങി എത്തിയത്.

കൊടും കാട്ടിലൂടെയുളള ഈ യാത്ര കൊച്ചുകുട്ടികൾക്കും ഏറെ ഇഷ്ടമാണ്. കാനനഭംഗി അടുത്തറിയാൻ കഴിയുന്നതാണ് ഈ പാത തെരഞ്ഞെടുക്കാൻ തീർത്ഥാടകരെ പ്രേരിപ്പിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കാനന പാതയിൽ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ട് മൂലം പ്രയാസം നേരിടുന്നവരെ സന്നിധാനത്ത് എത്തിക്കാൻ പ്രത്യേക സംഘത്തെയും ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുണ്ട്.

രാവിലെ എട്ടു മുതൽ 12 മണി വരെയാണ് പുല്ലുമേട് വഴി സന്നിധാനത്തേക്ക് കടത്തിവിടുക. വനം വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ഈ പാത. പാണ്ടിത്താവളം ഉരക്കുഴി തീർത്ഥത്തിന് സമീപം മുഴുവൻ തീർത്ഥാടകരും വന്നുപോയെന്ന് വനംവകുപ്പ് ദിവസവും ഉറപ്പാക്കും. ആരെങ്കിലും എത്തിപ്പെടാൻ വൈകിയെങ്കിൽ അവരെ വനംവകുപ്പ് തന്നെയാണ് നേരിട്ട് സന്നിധാനത്ത് എത്തിക്കുക.




