ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും; പരിശോധനയ്ക്കായി മുടി, നഖം എന്നിവ ശേഖരിച്ചു

ലഹരി കേസിൽ ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. രണ്ടുപേരെ ജാമ്യത്തിലാവും വിട്ടയക്കുക. മുടി, നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചു. ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്ഐആറിൽ പറയുന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിൽ പരിശോധനക്കായി എത്തിയത്. ഷൈൻ ടോം ചാക്കോയുടെ നേതൃത്വത്തിൽ ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നായിരുന്നു വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം എത്തിയത്.

ലഹരി ഉപയോഗം കൂടിയപ്പോൾ മുൻപ് ഡി അഡിക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈൻ മൊഴി നൽകി. ലഹരി ഉപയോഗം കൂടിയപ്പോൾ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തിൽ കൊണ്ടാക്കിയെന്നാണ് ഷൈൻ പൊലീസിനോട് പറഞ്ഞത്.

എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

