ശക്തി തിയേറ്റേഴ്സ് കുറുവങ്ങാട് 50-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു

കൊയിലാണ്ടി: ഒരു ദേശത്തിൻ്റെയാകെ ഹൃദയത്തുടിപ്പായ ശക്തി തിയേറ്റേഴ്സ് കുറുവങ്ങാടിൻ്റെ 50-ാം വാർഷികാഘോഷം ജനുവരിയിൽ സമാപിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. 2023 ജനുവരി 1 മുതൽ വിവിധ പരിപാടികളോടെ ആരംഭിച്ച സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ സമാപനം 2024 ജനുവരി 12, 13 തിയതികളായി നടക്കും.
കേരളത്തിൻ്റെ നാടക ചരിത്രത്തോടൊപ്പം നടന്ന് കലാ സാംസ്കാരികരംഗത്ത് ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ശക്തി തിയേറ്റേഴ്സ് കുറുവങ്ങാട്.
1973 ൽ ശിവശക്തി എന്ന പേരിൽ രൂപം കൊണ്ട തിയേറ്റേഴ്സ് കേരളത്തിന് അകത്തും പുറത്തും ഒട്ടേറെ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നാടകരംഗത്തും സംഗീത രംഗത്തും പ്രതിഭ തെളിയിച്ച് പ്രശസ്തരായവരുടെ ആദ്യ തട്ടകമായ ശക്തി തിയേറ്റേഴ്സിനെ ഗൃഹാതുരത്വത്തോടെ കാണുന്നവരാണ് പ്രദേശവാസികൾ.

പരിപാടി വിജയിപ്പിക്കുന്നതിനായി 151 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് യോഗം ഉദ്ഘാടനം ചെയ്തു. കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പരിപാടി വിശദീകരിച്ചു കൊണ്ട് എൻ. കെ. മുരളി സംസാരിച്ചു.
കൗൺസിലർമാരായ പ്രഭ ടീച്ചർ, വത്സൻ കേളോത്ത്, സുധ. സി, സാമൂഹ്യ രാഷ്ടീയ രംഗത്തുള്ള മൊടക്കണ്ടാരി ബാലക്ഷണൻ, ശ്രീജാ റാണി, ശ്രീശൻ പീച്ചരി, അഭിന, ദാസൻ കല്ലേരി, ഇ.കെ. മോഹൻ, മത്തിൽ രാധാകൃഷ്ണൻ, കെ.കെ. നാരായണൻ മാസ്റ്റർ, സി.പി. ആനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തിയറ്റർ ജനറൽ സെക്രട്ടറി രവീന്ദ്രൻ മലയിൽ സ്വാഗതവും പ്രസിഡൻ്റ് ഇ.കെ. പ്രജേഷ് നന്ദിയും പറഞ്ഞു.
