പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തനുമായി നവാഗതരെ സ്വാഗതം ചെയ്ത് എസ്എഫ്ഐ
തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തനുമായി നവാഗതരെ സ്വാഗതം ചെയ്ത് എസ്എഫ്ഐ. അവധിക്കാല ആഘോഷങ്ങൾക്ക് തിരശ്ശീലയിട്ട് പള്ളിക്കൂടങ്ങൾ തിങ്കളാഴ്‌ച തുറക്കുന്ന വേളയിലാണ് എസ്എഫ്ഐയുടെ പാലസ്തീൻ ഐക്യദാർഢ്യം. ‘അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം നവാഗതർക്ക് സ്വാഗതം’- എന്ന എസ്എഫ്ഐ പോസ്റ്റർ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു.

നേരത്തെ കാൻ ചലച്ചിത്ര മേളയുടെ വേദിയിൽ തണ്ണിമത്തൻ ഡിസൈനിലുള്ള ബാഗുമായുള്ള നടി കനി കുസൃതിയുടെ പലസ്തീന് ഐക്യദാർഢ്യവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇസ്രയേൽ യുദ്ധത്തിൽ പലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്. പലസ്തീന്റെ പതാകയിലെ നിറങ്ങളുള്ള ഫലമായതിനാലാണ് തണ്ണിമത്തനെ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ സിംബലായി കാണുന്നത്.

1967-ൽ വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും നിയന്ത്രണവും കിഴക്കൻ ജറുസലേമിനെയാകെത്തന്നെയും ഇസ്രയേൽ പിടിച്ചെടുത്തു. ഇവിടെ പലസ്തീൻ പതാക പ്രദർശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കി ഇസ്രയേൽ സർക്കാർ ഉത്തരവിറക്കി. ഇതിനെ മറികടക്കാനാണ് പലസ്തീൻ പതാകയുടെ നിറമുള്ള മുറിച്ച തണ്ണിമത്തൻ ഒരു പ്രതീകമായി മാറിയത്.

പലസ്‌തീൻ ഐക്യദാർഢ്യം അറിയിച്ചുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനും ശ്രദ്ധേയമിരുന്നു. വിവിധ മേഖലകളിൽനിന്ന് നിരവധി പ്രമുഖരാണ് പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും “ഓൾ ഐസ് ഓൺ റാഫ – എല്ലാ കണ്ണുകളും’ റാഫയിലേക്ക് എന്ന പോസ്‌റ്റർ പങ്കുവച്ചുള്ള സോഷ്യൽമീഡിയ ക്യാമ്പയ്‌നിൽ പങ്കുചേർന്നിരുന്നു.

ദുൽഖർ സൽമാൻ, ബേസിൽ ജോസഫ്, ഭാവന, കീർത്തി സുരേഷ്, നൈല ഉഷ, പാർവതി തിരുവോത്ത്, നിഖില വിമൽ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, സുപ്രിയ മേനോൻ, റിമ കല്ലിങ്കൽ, അന്ന ബെൻ, നിരഞ്ജന, തൻവി റാം, മീരാ നന്ദൻ, മൃദുല, അനുമോൾ, രമ്യ നമ്പീശൻ, ഷെയിൻ നിഗം, അനാർക്കലി, ഗൗരി കിഷൻ, അനുപമ, ഷറഫുദ്ധീൻ, അശ്വതി ശ്രീകാന്ത്, റോഷ്ന റോയ്, മഖ്ബൂൽ സൽമാൻ.

കേരളത്തിന് പുറത്ത് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പങ്കാളി രിധിക, തൃഷ, കാജൽ അഗർ വാൾ, സാമന്ത, വരുൺ ധവാൻ, രാധിക ആപ്തെ, സോനം കപൂർ, അറ്റ്‌ലീ, മേഘ ആകാശ്, സ്വര ഭാസ്‌കർ, ത്രിപ്തി ദിമ്രി, ശിൽപ റാവു, നോറ ഫത്തേഹി, ഭുമി പട്നെക്കർ, രകുൽ പ്രീത്, കൊങ്കണ സെൻ, ദിയ മിർസ തുടങ്ങിയവർ ക്യാമ്പയ്‌നിൽ പങ്കുചേർന്നു.

‘എല്ലാ കണ്ണും റാഫയിൽ’ എന്ന ക്യാപ്ഷനിൽ വരുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് പ്രമുഖർ പലസ്‌തീനിലെ പൊരുതുന്ന ജനതയ്‌ക്കൊപ്പം എന്ന നിലപാട് അറിയിച്ചത്. അതേസമയം റാഫയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെയും സ്‌ത്രീകളുടെയും ഫോട്ടോ എക്‌സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ‘എല്ലാ കണ്ണും റാഫയിൽ’ എന്ന പേരിൽ സോഷ്യൽ മീഡിയ ക്യാമ്പയിൻ തുടങ്ങിയത്. ഈ ക്യാമ്പയിന്റെ ഭാഗമായി നിരവധി ആളുകളാണ് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ‘എല്ലാ കണ്ണും റഫയിൽ’ എന്ന പോസ്റ്റർ പങ്കുവെക്കുന്നത്.



