സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് SFI പ്രതിഷേധ പ്രകടനം നടത്തി
.
കോഴിക്കോട് താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് SFI സ്കൂളിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം ഒളിവിൽ പോയ അധ്യാപകനെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ പുറത്താക്കുക, അധ്യാപകനെതിരെ ശക്തമായ നിയമനടപടി എടുക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് SFI താമരശ്ശേരി ഏരിയ കമ്മിറ്റി സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചത്. കഴിഞ്ഞ വർഷം സ്കൂളിൽ ചാർജ് എടുത്ത NSS ചുമതലയുള്ള താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിൽ എന്ന അധ്യാപകനെതിരെ POCSO വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരുന്നു.

NSS ക്യാമ്പിൽ പങ്കെടുത്ത മൂന്ന് കുട്ടികളാണ് കൗൺസിലിംങ്ങിനിടെ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അധ്യാപകനിൽ നിന്നും സമാനമായ അനുഭവം ഉണ്ടായതായി ക്യാമ്പിൽ പങ്കെടുക്കാത്ത മറ്റൊരു കുട്ടിയും അധികൃതരെ അറിയിച്ചിട്ടുണ്ട്. SFI താമരശ്ശേരി ഏരിയ പ്രസിഡണ്ട് നബീൽ, ജില്ലാ കമ്മിറ്റി അംഗം ആദിഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചത്. മുസ്ലിം ലീഗിൻ്റെ അധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ പുറത്തുവരും എന്നാണ് ലഭിക്കുന്ന വിവരം.




