രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്: യുവനടിയുടെ മൊഴിയെടുത്തു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ യുവനടിയുടെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസിൽ പരാതി നൽകാൻ തയ്യാറായില്ലെങ്കിലും ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം നേരത്തെ തീരുമാനിച്ചിരുന്നു. അതിൻറെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കൊച്ചിയിലെത്തി യുവ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ രാഹുൽ മങ്കൂട്ടത്തിലിൻ്റെ പേര് യുവനടി വെളിപ്പെടുത്തിയിരുന്നില്ല. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് എന്നാണ് സൂചന. മൊഴിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകാൻ ആണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ തീരുമാനം.

ഇരകളാക്കപ്പെട്ടവരിൽ രണ്ടുപേർ പരാതി ഇല്ല എന്ന കാര്യം അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. അവരുടെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷണവുമായി മുന്നോട്ടു പോകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നിലവിൽ യുവനടിയുടെ മൊഴി വിശദമായി പരിശോധിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യേണ്ടതിൽ തീരുമാനമെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

