അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂന മർദ്ദ സാധ്യത; കോഴിക്കോടും കണ്ണൂരും ഓറഞ്ച് അലർട്ട്

.
കേരളത്തിൽ മഴ തകർക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂന മർദ്ദ സാധ്യത പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യുനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥയും കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം (5-15mm/hr) മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴി

തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്ന തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ, ഒക്ടോബർ 21-ഓടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗങ്ങളിലും അതിനോട് ചേർന്ന പടിഞ്ഞാറൻ-മദ്ധ്യ ബംഗാൾ ഉൾക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യുനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത 7 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യത. ഒക്ടോബർ 18 മുതൽ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്നും നാളെയും (ഒക്ടോബർ 18 &19 ) ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യത. അടുത്ത 5 ദിവസം ഇടിമിന്നലിനും 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
