KOYILANDY DIARY.COM

The Perfect News Portal

സർവർ തകരാർ, സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി

സർവർ തകരാർ, സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. സെർവർ തകരാർ മൂലം ഇ-പോസ് യന്ത്രം പണിമുടക്കിയതോടെ രണ്ട് ദിവസമായി ജില്ലയിൽ റേഷൻ വിതരണം പൂർണമായും മുടങ്ങി. ഇന്നലെ രാവിലെ 11 വരെ തുറന്ന റേഷൻ കടകൾ ഇ-പോസിലെ തകരാർ മൂലം പ്രവർത്തിക്കാനാവാത്തതിനാൽ പിന്നീട് അടക്കുകയായിരുന്നു. സെർവറിൻ്റെ തകരാർ പരിഹരിക്കാൻ ശാശ്വത നടപടിയെടുത്താലേ ഇനി റേഷൻ കടകൾ തുറക്കൂ എന്ന നിലപാടിലാണ് റേഷൻ കടയുടമകളുടെ സംഘടനകൾ.

കഴിഞ്ഞ മാസങ്ങളിലും ഇ-പോസ് മെഷീൻ പണിമുടക്കിയിരുന്നെങ്കിലും പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥ വന്നിട്ടില്ലെന്ന് റേഷൻ കടയുടമകൾ പറഞ്ഞു. ഈ മാസം പത്ത് ദിവസമാണ് റേഷൻ കടകൾ അവധിയായത്. ജില്ലയിൽ ഇതുവരെ 40 ശതമാനത്തോളം റേഷനാണ് വിതരണം ചെയ്തത്. മാസത്തിൻ്റെ അവസാന 10 ദിവസങ്ങളിലാണ് 60 ശതമാനത്തോളം റേഷൻ വിതരണവുംനടക്കാറുള്ളത്. ചെറിയ പെരുന്നാളിന് രണ്ട് അവധിയും ഞായറും വന്നതോടെ ബാക്കിയുള്ള അഞ്ചു ദിവസം കൊണ്ട് മുഴുവൻ റേഷനും കൊടുത്തു തീർക്കേണ്ട അവസ്ഥയാണ്.

Share news