രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; അറസ്റ്റ് തടയാതെ കോടതി
.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി. തിരുവനന്തപുരം അതിവേഗ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. കേസ് തിങ്കളാഴ്ച പരിഗണിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു. ഈ മാസം 15ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നറിയിച്ച കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രതിഭാഗത്തിൻ്റെയും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും താന്‍ നിരപരാധിയാണെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ വാദിച്ചത്. അന്വേഷണത്തിന്, തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ലെന്നും പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും രാഹുല്‍ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണമെന്നും വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നുമൊക്കെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തൻ്റെ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. നേരത്തെ, ബലാത്സംഗക്കേസില്‍ രാഹുല്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.




