വാളയാറിലെ സംഘപരിവാര്‍ ആള്‍ക്കൂട്ടക്കൊല: രണ്ടുപേർ കൂടി കസ്റ്റഡിയില്‍
.
വാളയാറില്‍ അതിഥി തൊഴിലാളി രാംനാരായണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേർ കൂടി കസ്റ്റഡിയില്‍. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

അതേസമയം, ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാംനാരായണൻ്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമവായമായത്. കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ഭയ്യാ പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലമായതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തുകയായിരുന്നു. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു.

വാളയാർ അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകളാണ് രാംനാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. മോഷ്ടാവണെന്ന് സംശയിച്ച് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവാസികൾ ചേർന്ന് സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന റിമാൻഡ് റിപ്പോര്‍ട്ടില്‍ രാംനാരായണ്‍ ക്രൂര മര്‍ദ്ദനത്തിനിരയായതായെന്ന് വെളിവാകുന്നു.




