KOYILANDY DIARY.COM

The Perfect News Portal

സമരപ്പന്തൽ പുതുക്കി പണിതു. ഓണനാളിൽ പട്ടിണി സമരവുമായി തിക്കോടിയിലെ അടിപ്പാത സമരസമിതി

തിക്കോടിയിൽ വീണ്ടും സമരപ്പന്തൽ ഉയർന്നു. ഓണനാളിൽ പട്ടിണി സമരവുമായി തിക്കോടിയിലെ അടിപ്പാത സമരസമിതി. പോലീസ് വേട്ടയിൽ പതറാതെ, ജനങ്ങളുടെ ന്യായമായ ആവശ്യത്തിനുവേണ്ടി, പോരാട്ടച്ചൂടുമായി തിക്കോടിയിലെ അടിപ്പാത സമരസമിതി വീണ്ടും സമര രംഗത്തേക്ക്.
സാംസ്കാരിക സമ്പന്നതയും, കാർഷിക ചരിത്രവും അമർന്നു കിടക്കുന്ന തിക്കോടിയെ, രണ്ട് ഭാഗമാക്കി മുറിച്ച്, ജനങ്ങളെ അസ്വസ്ഥതയുടെ തീചൂളയിലേക്ക് വലിച്ചെറിഞ്ഞ അധികാരികൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി വീണ്ടും സമരം രംഗത്തേയ്ക്ക് കുതിക്കുകയാണ്. കഴിഞ്ഞ പത്താം തീയതി യാതൊരു പ്രകോപനമില്ലാതെ പോലീസ് ജെസിബി ഉപയോഗിച്ച് പറിച്ചെറിഞ്ഞ സമരപ്പന്തൽ അവർ വീണ്ടും പുതുക്കിപ്പണിതു. അടുത്ത ആഴ്ച വിവിധ രാഷ്ട്രീയ, സാംസ്കാരിക, മേഖലകളിലെ ഉന്നതരെ അണിനിരത്തി പന്തൽ ഉദ്ഘാടനം ചെയ്യിക്കാനും, വിപുലമായ സമര കൺവെൻഷൻ നടത്താനും തീരുമാനിച്ചു.
സമരത്തിൻ്റെ ആരംഭം എന്ന നിലക്ക് പൊന്നോണ ദിവസം കൂട്ടത്തോടെ നിരാഹാരം കിടന്ന് അധികാരികളെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചു. കേന്ദ്രമന്ത്രിക്കും, മുഖ്യമന്ത്രിക്കും, ബന്ധപ്പെട്ട ഉന്നതർക്കും ഒക്കെ നിവേദനം കൊടുക്കാനും, ജില്ലാ ആസ്ഥാനത്തും, വഗാഡ് കേന്ദ്രങ്ങൾക്കു മുമ്പിലും, ജില്ലാ കേന്ദ്രത്തിലും ധർണ നടത്താനും ഒരുക്കങ്ങൾ നടക്കുകയാണ്.
.
.
ജില്ലാ മണ്ണ് പരിശോധന കേന്ദ്രം, തെങ്ങിൻ തൈ വളർത്തുകേന്ദ്രം, കൃഷിഭവൻ, തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, കോടിക്കൽ മീൻപിടിത്ത കേന്ദ്രം, റെയിൽവേ സ്റ്റേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങൾ നാഷണൽ ഹൈവേയുടെ രണ്ടുഭാഗത്തുമായി സ്ഥിതി ചെയ്യുന്ന തിക്കോടിയിൽ, ജനങ്ങൾ അറ്റു പോയ ബന്ധങ്ങൾക്കിടയിൽ കിടന്ന് ശ്വാസം മുട്ടുകയാണ് ഇപ്പോൾ. എന്ത് വിലകൊടുത്തും ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ വേണ്ടി, എല്ലാ ബുദ്ധിമുട്ടുകളും മാറ്റിവെച്ച്, അരയും തലയും മുറുക്കി അവർ രംഗത്തിറങ്ങുകയാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
Share news