സമദർശന സാഹിത്യ പുരസ്കാരം ഡോ. കെ വി ജൈനിമോൾക്ക്

ആലപ്പുഴ: 2025ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള സമദർശന സാഹിത്യ പുരസ്കാരം കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. കെ വി ജൈനിമോൾക്ക്. ഗൾഫ് മലയാളം റേഡിയോ ചരിത്രം എന്ന പുസ്തകത്തിനാണ് പുരസ്കാരം. യുഎഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലെ മലയാളം റേഡിയോയുടെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകം ഈ ഗണത്തിൽ ആദ്യത്തേതാണ്. വിവിധ റേഡിയോകൾ, അവതാരകർ, പരിപാടികൾ തുടങ്ങി വിശദമായ അക്കാദമിക പഠനമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ആലപ്പുഴ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമദർശന സാംസ്കാരിക സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഫാ. ഡോ. സുനിൽ ജോസ്, ഡോ. ബിന്ദുമോൾ ബി എന്നിവരടങ്ങുന്നതാണ് ജൂറി. 25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഒക്ടോബർ രണ്ടാം വാരം കോഴിക്കോട് വെച്ച് സമ്മാനിക്കും.

