പാലസ്തീൻ ഐക്യദാർഢ്യ സംഗമം സമദ് പൂക്കാട് ഉദ്ഘാടനം ചെയ്തു
അത്തോളി: പാലസ്തീൻ ഐക്യദാർഢ്യ സംഗമം മുസ്ലിം ലീഗ് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ സമദ് പൂക്കാട് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എം മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ അത്താണിയിലാണ് സംഘടിപ്പിച്ചത്.

പാലസ്തീൻ വിഷയം മുസ്ലിം സമുദായത്തിൻ്റെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും അങ്ങനെ വരുത്തി തീർക്കാൻ വേണ്ടി നിരന്തര പരിശ്രമങ്ങളാണ് നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും മർദ്ദിതരോട് ഐക്യം പ്രഖ്യാപിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ വെടിയുണ്ടകൾക്കും ഷെല്ലുകൾക്കും ഓരോ മരണത്തിൻ്റെ വില കണക്കാക്കിയിരിക്കുന്ന മരണത്തിൻ്റെ ഏജൻ്റുമാരെ നാം മനസുകൊണ്ടും ഇഛാശക്തികൊണ്ടും പ്രതിരോധിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി. ഷമീർ കമാലി പ്രാർത്ഥന നടത്തി. മുസ് ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് സാജിദ് കോറോത്ത്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. എം സുരേഷ് ബാബു, മണ്ഡലം കോൺൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട്, ജബ്ബാർ അൻവരി, ടി. പി അമീർ അലി, അഹമ്മദ് നാലകത്ത് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി മുഹമ്മദലി സ്വാഗതവും നാസിഫ് ഖാൻ നന്ദിയും പറഞ്ഞു.
