KOYILANDY DIARY.COM

The Perfect News Portal

സജിതാ വധക്കേസ്; പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

.

പാലക്കാട് പോത്തുണ്ടി സജിതാ വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തവും അഞ്ച് വർഷം തടവും. മൂന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിനെ അപൂർവങ്ങളിൽ അപൂർവമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ മാനസിക നില ഭദ്രമെന്നും കോടതി നിരീക്ഷിച്ചു. മേൽക്കോടതിയിൽ അപ്പീൽ പോകില്ലെന്ന് പ്രോസിക്യൂട്ടർ എംജെ വിജയകുമാർ പറഞ്ഞു.

ഭാര്യയുമായി പിരിയേണ്ടി വന്നതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം. 2019 ഓഗസ്റ്റ് 31-നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞതോടെ സജിതയെ സംശയിക്കുകയായിരുന്നു.

Advertisements

 

അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ സജിതയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതി ചെന്താമരയുടെ ഭാര്യ ഉൾപ്പെടെ 67 സാക്ഷികളാണ് ഉണ്ടായിരുന്നത്. കേസിൽ നിർണായകമായത് സജിതയുടെ വീട്ടിൽ കണ്ട ചെന്താമരയുടെ കാൽപാടുകളാണ്. സജിത കൊലക്കേസിൽ, ജാമ്യത്തിലിറങ്ങിയ ശേഷം ജനുവരിയിലാണ് ചെന്താമര സജിതയുടെ ഭർത്താവ് സുധാകരൻ, ഭർതൃമാതാവ് ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയത്.

Share news