KOYILANDY DIARY.COM

The Perfect News Portal

പ്രതീക്ഷകൾ ബാക്കി വെച്ച് സജീഷ് യാത്രയായി..

കൊയിലാണ്ടി: പ്രതീക്ഷകൾ ബാക്കി വെച്ച് സജീഷ് യാത്രയായി.. രക്താർബുദം ബാധിച്ചു കിടപ്പിലായിരുന്ന മേലൂർ ആന്തട്ട പുത്തൻ പുരയിൽ സജീഷ് (42) നിര്യാതനായി. ഇന്ന് പുലർച്ചെ 1.30 മണിക്ക് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കൊയിലാണ്ടി അരങ്ങാടത്ത് ടൂ വീലർ വർക്ക് ഷോപ്പ് നടത്തിവരുന്നതിനിടയിലാണ് സജീഷിന് മാരകമായ രോഗം പിടിപെട്ടതായി മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചത്.
ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും വൻ തുക ചിലവഴിക്കേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. അതിന് 45 ലക്ഷത്തോളം രൂപ വരുമെന്നും അറിഞ്ഞതോടെ സജീഷിൻ്റെ ഭാര്യയും രണ്ട് കുട്ടികളും അമ്മയുമടങ്ങുന്ന നിർദ്ധന കുടുംബം നിരാശയിലായിരുന്നു. തുടർന്ന് സജീഷിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുടെ സഹായത്തോടെ ചികിത്സാ സഹായ കമ്മിറ്റി ഉണ്ടാക്കി പണം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.  
ഇതിനിടെ പല സംഘടനകളും സ്വമേധയാ ധനസഹായത്തിന് തയ്യാറാകുകയും ആദ്യഘട്ട ചിലവിനുള്ള തുക ഇതിനകം പിരിച്ചെടുക്കുകയുമുണ്ടായി. സജീഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിവരികയുമായിരുന്നു. ഇതിനിടയിൽ പെട്ടന്നായിരുന്നു സജീഷ് നമ്മെ വിട്ടുപിരിഞ്ഞത്.
പരേതനായ കുട്ടികൃഷ്ണൻ നായരുടെയും ലീലയുടെയും മകനാണ്. ഭാര്യ: ശൽന, മക്കൾ: കൃഷ്ണ ഭദ്ര, ഭദ്രനാഥ്. ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് 1.30ന് മേലൂർ ആന്തട്ട പുത്തൻ പുരയിൽ വീട്ടുവളപ്പിൽ നടക്കും. 
Share news