സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എം ആർ രാഘവവാരിയരേയും കൽപ്പറ്റ നാരായണനേയും ആദരിച്ചു

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണയിൽ ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോഷ പരിപാടിയുടെ ഭാഗമായി എം ആർ രാഘവവാരിയരേയും കൽപ്പറ്റ നാരായണനേയും ആദരിച്ചു. ഒരു നാടിൻ്റെ സാംസ്കാരിക നവോത്ഥാനത്തിന് നേതൃത്വം നൽകിയ മഹാനായിരുന്നു ഗുരു ചേമഞ്ചേരിയെന്നും ആ ഓർമ്മകൾ പുതു തലമുറകൾക്ക് പകർന്നു കൊടുക്കുന്നതുപോലും മഹത്തായ സർഗ്ഗാത്മക പ്രവർത്തനമാണെന്നും രാഘവവാരിയർ അഭിപ്രായപ്പെട്ടു.

ജീവിതത്തിൽ ഒട്ടും അഭിനയിക്കാതിരിക്കയും അരങ്ങിൽ മഹാനടനാവുകയും ചെയ്ത ഗുരു സൃഷ്ടിച്ച സാംസ്കാരിക സ്വാധീനം വിലമതിക്കാനാവില്ലെന്ന് കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വിജയരാഘവൻ ചേലിയ അദ്ധ്യക്ഷത വഹിച്ചു. കഥകളി വിദ്യാലയം അദ്ധ്യാപകരായ കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശിവദാസ് എന്നിവർക്കുള്ള സ്നേഹോപഹാരങ്ങൾ വേദിയിൽ വെച്ച് നൽകപ്പെട്ടു.

ഒക്ടോബർ 10 വ്യാഴാഴ്ച പൂജ വെയ്പ്പോടെ ആരംഭിച്ച നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. പരിപാടിയിൽ കഥകളി വിദ്യാലയം സെക്രട്ടറി സന്തോഷ് സത്ഗമയ സ്വാഗതവും വൈസ് പ്രസിഡണ്ട് PTA വൈസ് പ്രസിഡണ്ട് രാജശ്രീ നന്ദിയും പറഞ്ഞു.
