KOYILANDY DIARY.COM

The Perfect News Portal

ശബരിമല യുവതീ പ്രവേശനം; പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

.

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുക. ശബരിമല സ്ത്രീപ്രവേശനം ഉൾപ്പടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.

 

ശബരിമല വിഷയത്തിന് പുറമെ മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ പ്രവേശം, ഷിയാ മുസ്‌ലിങ്ങളിലെ ദാവൂദി ബോറ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളിലെ ചേലാകർമം എന്നിവയുമായി ബന്ധപ്പെട്ട ഹർജികളാണ് ഇന്നേക്ക് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഹർജികൾ പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും.

Advertisements

 

2018 സെപ്തംബർ 28ന് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്. അഞ്ച് പേരടങ്ങിയ ബെഞ്ചിൽ അന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് അന്ന് വിയോജിച്ച് വിധിയെഴുതിയത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ശബരിമല വിഷയം സുപ്രീംകോടതിയിൽ എത്തുന്നത് സംസ്ഥാന സർക്കാരിന് നിർണായകമാകും. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചിരുന്നു.

 

പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ഇതിനെ എതിർത്തെങ്കിലും 2018ൽ പിണറായി വിജയൻ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോടതി നിർണായക വിധി പുറപ്പെടുവിച്ചിരുന്നത്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, വിഷയത്തിൽ സംസ്ഥാന സർക്കാർ കോടതിയിൽ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് നിർണായകമാണ്. പഴയ നിലപാടിൽ തുടരുമോ അതോ സ്ത്രീപ്രവേശനത്തെ എതിർക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തോട് നിലപാട് പറയേണ്ട സമയത്ത് പറയുമെന്നും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി.

അതേസമയം ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുൻ നിലപാട് സർക്കാർ തിരുത്തുമോ എന്ന് അറിയാൻ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുൻ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.

 

Share news