KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ പ്രസിഡണ്ട് എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. ആറന്മുളയിലെ വീട്ടിലാണ് പരിശോധന. നിര്‍ണായക രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനായാണ് ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനകള്‍ നടന്നത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ പത്മകുമാര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

 

ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ രണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം രഹസ്യമായാണ് അന്വേഷണസംഘം പത്മകുമാറിന്റെ വീട്ടിലെത്തിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ. പത്മകുമാര്‍ കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായിരുന്ന പത്മകുമാര്‍ സ്വര്‍ണ്ണപ്പാളി എന്നത് സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളി എന്നെഴുതിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Advertisements

 

ഇത് വരെയുള്ള അന്വേഷണത്തില്‍ സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരന്‍ എ. പത്മകുമാര്‍ എന്ന വിലയിരുത്തലിലാണ് ഇന്നലെ അന്വേഷണ സംഘം അറസ്റ്റിലേക്ക് കടന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പത്മകുമാര്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് പറയുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം വിട്ടു നല്‍കുന്നതില്‍ തീരുമാനമെടുക്കുന്ന ദേവസ്വം യോഗത്തിനു മുന്‍പ് സ്വന്തം കൈപ്പടയില്‍ സ്വര്‍ണ്ണപ്പാളി ചെമ്പു പാളിയെന്നു എഴുതി ചേര്‍ത്തു.

 

ദേവസ്വം യോഗത്തില്‍ സ്വര്‍ണ്ണപ്പാളി കൈമാറുന്നത് വിശദീകരിച്ചതും പത്മകുമാറാണ്. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ദേവസ്വം മാനുവല്‍ ലംഘിക്കുകയും ‘ചെയ്തു. സ്വര്‍ണ്ണം അപഹരിക്കുന്നതിനു ഒത്താശ ചെയ്തു. തിരികെ എത്തിച്ചപ്പോള്‍ ആവശ്യമായ പരിശോധനകള്‍ നടത്താതെ സ്വര്‍ണ്ണക്കൊള്ള ഒളിപ്പിക്കുന്നതിനു കൂട്ടുനിന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Share news