ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണം; SIT ഹൈക്കോടതിയിൽ
.
ശബരിമല സ്വർണ്ണകൊള്ള കേസ് അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് എസ്ഐടി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. എസ്ഐടി അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്നുമാണ് എസ്ഐടിയുടെ ആവശ്യം.

ഡിസംബർ അഞ്ചിന് ശേഷം കേസിലെ അന്വേഷണം മെല്ലപ്പോക്കാണെന്ന് ഇടക്കാല റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു. വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വർണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

അതേസമയം കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ പത്മകുമാർ, സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ഡി മണി, സഹായികളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവരെ എസ്ഐടി ചോദ്യം ചെയ്യും.




