ശബരിമല സ്വർണ മോഷണക്കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

.
ശബരിമല സ്വർണ മോഷണക്കേസിൽ കസ്റ്റഡിയിൽ തുടരുന്നതിനിടെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിച്ച പരിശോധന എട്ടര മണിക്കൂർ നീണ്ടു നിന്നു. അഞ്ചംഗ സംഘം നടത്തിയ പരിശോധനയിൽ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണായക രേഖകളും സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ലഭിച്ച നിർണായക മൊഴിയെ തുടർന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ പരിശോധന.

വരും ദിവസങ്ങളിൽ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി കേസിലെ മറ്റു പ്രതികളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പ്രധാന പ്രതികളായ മുരാരി ബാബു, സുനിൽകുമാർ എന്നിവരെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. ഇതിനുശേഷമായിരിക്കും തെളിവെടുപ്പ് നടത്തുക.

ഈ മാസം 30 വരെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി. ചൊവ്വാഴ്ചയോടെ കേസിൻ്റെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ആലോചന.

