ശബരിമല സ്വർണ മോഷണക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പൂർണ്ണമായും വിശ്വാസത്തിൽ എടുക്കാതെ പ്രത്യേക അന്വേഷണസംഘം

.
ശബരിമല സ്വർണ്ണക്കവർച്ചയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പൂർണ്ണമായും വിശ്വാസത്തിൽ എടുക്കാതെ പ്രത്യേക അന്വേഷണസംഘം. ദേവസ്വം വിജിലൻസിന് നൽകിയ മൊഴി കേരളത്തിനു പുറത്തുള്ള തട്ടിപ്പുസംഘം പറഞ്ഞു പഠിപ്പിച്ചതാണെന്ന നിഗമനത്തിലാണ് എസ്ഐടി.

ദേവസ്വം വിജിലൻസിന്റെ അന്വേഷണം നടക്കുന്നതിനിടെ ചെന്നൈക്ക് പുറമെ ബംഗളൂരുവിലേക്കും പോറ്റി യാത്ര ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി. ഇതിനുള്ള വിമാന ടിക്കറ്റ് തട്ടിപ്പുസംഘം എടുത്തു നൽകിയതാണെന്ന് പോറ്റി മൊഴി നൽകിയിട്ടുമുണ്ട്. ബംഗളൂരുവിൽ എവിടെയാണ് പോയത്, ആരെയൊക്കെ കണ്ടുവെന്നുമുള്ള അന്വേഷണത്തിലാണ് എസ്ഐടി.

ഗൂഢാലോചന നടത്തിയ പതിനഞ്ചോളം പേരിൽ ആരെയെങ്കിലും പോറ്റി കണ്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഉള്ളത്. വരും ദിവസങ്ങളിൽ ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, പോറ്റിയുടെയും സഹോദരിയുടെയും വീടുകള്‍, സഹായി വാസുദേവന്റെ വീട്, ശബരിമല എന്നിവിടങ്ങളില്‍ പോറ്റിയെ എത്തിച്ച് തെളിവെടുക്കും. കൂടുതൽ വ്യക്തതയ്ക്കായി പോറ്റിയെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

