ശബരിമല സ്വർണ്ണ മോഷണ കേസ്; ഇ ഡി യുടെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചീഫ് ജസ്റ്റിസിന് വിട്ടു
.
ശബരിമല സ്വർണ്ണ മോഷണ കേസ്സിലെ എഫ് ഐ ആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ടുള്ള ഇ ഡിയുടെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചീഫ് ജസ്റ്റിസിന് വിട്ടു. കേസ് ദേവസ്വം ബെഞ്ചിന് കൈമാറുന്നതിന് മുന്നോടിയായാണ് നടപടി. ഹർജി ദേവസ്വം ബഞ്ച് പരിഗണിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയതിനെ തുടർന്നാണ് ഇ ഡി ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുമെന്നാണ് ഇ ഡി വാദം. പി എം എൽ എ നിയമപ്രകാരം അന്വേഷണം ആരംഭിക്കുന്നതിനും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും എഫ് ഐ ആറിൻ്റെ പകർപ്പ് അനിവാര്യമാണെന്നാണ് ഇ ഡി നിലപാട്. ഇതിനിടെ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് ശ്രീകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും താൻ നിരപരാധിയാണ് എന്നുമാണ് ഹർജിയിലെ വാദം. ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.




