ശബരിമല സ്വര്‍ണമോഷണ കേസ്; ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡണ്ട് എ പദ്മകുമാര്‍ അറസ്റ്റില്‍
.
ശബരിമല സ്വര്‍ണമോഷണ കേസില്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡണ്ട് എ പദ്മകുമാര്‍ അറസ്റ്റില്‍. എസ്ഐടി സംഘത്തിൻ്റെ മൊഴിയെടുപ്പ് തുടരുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. 2019ൽ ദേവസ്വം ബോർഡ് പ്രസിഡണ്ടായി എ പത്മകുമാർ സേവനമനുഷ്ഠിച്ചിരുന്നു.

അതേസമയം, നേരത്തെ അറസ്റ്റിലായ മുൻ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ വാസുവിനെ കൊല്ലം വിജിലൻസ് കോടതി കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞിരുന്ന വാസുവിനെ പൊലീസിൻ്റെ വൻ സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്.

കസ്റ്റഡിയിലായ വാസുവിനെ കൊണ്ടു പോയ പൊലീസ് വാഹനത്തിന് മുൻപില് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സ്വര്‍ണമോഷണ കേസിലെ മൂന്നാമത്തെ പ്രതിയാണ് എൻ വാസു.




