ശബരിമല സ്വർണ മോഷണ കേസ്; മുരാരി ബാബുവിനെ ചോദ്യം ചെയ്ത് ഇ ഡി
.
ശബരിമല സ്വർണ്ണ മോഷണ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഇ ഡിക്ക് മുന്നിൽ ഹാജരായി. ദ്വാരപാലക – കട്ടിളപ്പാളി കേസുകളിലാണ് മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നത്. കോളിളക്കം സൃഷ്ട്ടിച്ച ശബരിമല സ്വർണ മോഷണത്തിൽ ഇ ഡി ചോദ്യം ചെയ്യുന്ന ആദ്യത്തെ പ്രതിയാണ് മുരാരി ബാബു.

ഒരു ഭാഗത്ത് എസ്ഐടി അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡിയും അന്വേഷണം തുടങ്ങിയത്. 2025 ഒക്ടോബര്‍ 23 നാണ് കട്ടിളപ്പാളി- ദ്വാരപാലക കേസിൽ മുരാരി ബാബുവിനെ അറസ്റ്റിലായത്. ദ്വാരപാലക കേസിൽ രണ്ടാം പ്രതിയും കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് ഇയാൾ. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ, എന്നിവരടക്കം എസ്ഐടിയുടെ കേസിൽ പ്രതിചേർക്കപ്പെട്ട 18പേരാണ് ഇഡിയുടെ ഇസിഐആറിലും പ്രതിസ്ഥാനത്തുള്ളത്.

കേസിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇഡി നടത്തുന്നത്. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ എസ് ഐ ടിയുടെ കണ്ടെത്തല്‍. കേസില്‍ മുരാരി ബാബുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇ ഡി മുരാരി ബാബുവിന് നോട്ടീസ് അയച്ചത്.




