ശബരിമല സ്വർണ്ണ മോഷണക്കേസ്: അറസ്റ്റിലായ കോൺഗ്രസ് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
.
ശബരിമല സ്വർണ്ണ മോഷണക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് കെ എസ് ബൈജുവിനെ ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും. ബൈജുവിനെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യ ശേഷം ആയിരിക്കും ഹാജരാക്കുക. കോൺഗ്രസ് അനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന എക്സിക്യൂട്ടീവംഗവുമായിരുന്നു ഇയാൾ. നിലവിൽ ദേവസ്വം ബോർഡിൽനിന്ന് വിരമിച്ചവരുടെ കോൺഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന ട്രഷററാണ്.

ദ്വാരപാലക ശിൽപപാളികളിലെയും കട്ടിളപ്പടികളിലെയും സ്വർണം കവർന്നത് കെ എസ് ബൈജുവിന്റെ അറിവോടെയാണെന്ന് പ്രത്യേക അന്വേഷക സംഘത്തിന് നിർണായക വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്. കേസിലെ ഏഴാം പ്രതിയായ ബൈജുവിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

ദ്വാരപാലക ശിൽപപാളികളിലെ സ്വർണം കവർന്ന കേസിൽ ഏഴാം പ്രതിയും കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസിൽ നാലാം പ്രതിയുമാണ് കെ എസ് ബൈജു. കട്ടിളപ്പാളി കൈമാറിയപ്പോൾ വ്യാജ മഹസർ തയ്യാറാക്കിയത് ബൈജുവിന്റെ നേതൃത്വത്തിലെന്നാണ് കണ്ടെത്തൽ.




