കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ച് റഷ്യ

കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ച് റഷ്യ. എംആർഎൻഎ വാക്സിൻ അടുത്ത വർഷത്തോടെ വിപണിയിൽ അവതരിപ്പിക്കുമെന്നും ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ വാങ്ങാൻ കഴിയുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

വാക്‌സിൻ ട്യൂമർ കോശങ്ങളുടെ വികസനത്തെയും വ്യാപനത്തെയും സപ്രസ് ചെയ്യുന്നതായി പ്രീ-ക്ലിനിക്കൽ ട്രയലുകളിൽ തെളിഞ്ഞെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു.

റഷ്യയിൻ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് വാക്സിൻ പുറത്തിറക്കുന്നത്. ക്യാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈ വർഷം ആദ്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ മേഖലയിൽ നിർണായകമായ ഒരു കണ്ടുപിടുത്തത്തിലേക്ക് റഷ്യ എത്തിയത്.

