KOYILANDY DIARY.COM

The Perfect News Portal

വീണ്ടും RSS ഭാരതമാതാവിന്റെ ചിത്രം; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി

വീണ്ടും RSS ഭാരതമാതാവിന്റെ ചിത്രം പ്രദര്ശിപ്പിച്ചതിനെ തുടർന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്പുരസ്കാർ സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങിൽ നിന്നാണ് മന്ത്രി ഇറങ്ങിപ്പോയത്. കാവി കൊടി പിടിച്ച ഭാരത മാതാവിൻ്റെ ചിത്രം ചടങ്ങിൽ നിന്നും ഒഴിവാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. “എന്റെ രാജ്യം ഇന്ത്യയാണ്. ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളിൽ അല്ല” എന്ന്പറഞ്ഞാണ് മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്.

“ആർഎസ്എസ് ഭാരതമാതാവ് വിവാദങ്ങൾക്കൊക്കെ മുൻപ് ഗവർണറുടെ ഓഫീസിൽ നിന്ന് വിളിച്ചാണ് ഈ പ്രോഗ്രാം നിശ്ചയിച്ചത്. രാജ്ഭവൻ തന്ന ആദ്യ പരിപാടി ലിസ്റ്റിൽ ഭാരതാംബചിത്രം ഉണ്ടാകുമെന്ന് അറിയിച്ചില്ല. ചെന്നപ്പോൾ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് കണ്ടത്” എന്നും മന്ത്രി പ്രതികരിച്ചു. “ഗവർണറുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്കരിച്ചത്. രാജ്ഭവനെ ആർഎസ്എസിന്റെ കേന്ദ്രമാക്കാൻ അനുവദിക്കില്ല.

 

കുട്ടികളെയും കൂട്ടി തനിക്ക് അവിടെ നിന്ന് ഇറങ്ങാമായിരുന്നു. പക്ഷെ താൻ അത് ചെയ്തില്ല. നിഷ്കളങ്കരായ കുട്ടികളുടെ മുൻപിൽ വർഗീയത കുത്തി കയറ്റുകയാണ് ഗവർണ്ണർ ഉൾപ്പെടെയുള്ളവർ ചെയ്യുന്നത്. ഇങ്ങനെ ഒരു ഭാരതാംബയെ കുട്ടികൾ ആരും കണ്ടിട്ടില്ല. ഇത്തരം നിലപാട് സ്വീകരിച്ചാൽ ഗവർണറെ ഇനി ഔദ്യോഗിക പരിപാടികളിൽ ക്ഷണിക്കണ്ട എന്ന് തീരുമാനിക്കേണ്ടി വരുമെന്നും സംഭവത്തിൽ പ്രതിഷേധം കൃത്യമായി ഗവർണറെ അറിയിച്ചിട്ടുണ്ടെന്നും” മന്ത്രി വ്യക്തമാക്കി.

Advertisements

 

Share news