KOYILANDY DIARY.COM

The Perfect News Portal

വയനാട് പുനരധിവാസ ടൗണ്‍ഷിപ്പില്‍ വീട് തെരഞ്ഞെടുക്കാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു

വയനാട് പുനരധിവാസ ടൗണ്‍ഷിപ്പില്‍ വീട് തെരഞ്ഞെടുക്കാത്ത 104 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. ആകെ വിതരണം ചെയ്തത് 16. 05 കോടി രൂപയാണ്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയിലാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായാണ് ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്തത്. ആകെ 16, 05,00,000 രൂപ വിതരണം ചെയ്തു. ഇതില്‍ 2.8 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 13.52 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ്.

ടൗണ്‍ഷിപ്പില്‍ ആകെയുള്ള 402 ഗുണഭോക്താക്കളുടെ പുനരധിവാസ പട്ടികയില്‍ 107 പേരാണ് വീടിന് പകരം 15 ലക്ഷം രൂപ മതി എന്നറിയിച്ചത്. ഇതില്‍ രണ്ടു പേര്‍ നേരത്തെ അറിയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ടൗണ്‍ഷിപ്പില്‍ വീട് വേണം എന്ന് കത്ത് നല്‍കി. ഒരാള്‍ എറാട്ടുകുണ്ട് ഉന്നതിയിലെ താമസക്കാരിയാണ്. ഉന്നതിയില്‍ ഉള്‍പ്പെട്ട ദുരന്തബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെ വീട് നല്‍കി പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ മൂന്ന് പേര്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ പേര്‍ക്കുമാണ് ഇപ്പോള്‍ തുക വിതരണം ചെയ്തത്.

 

ടൗണ്‍ഷിപ്പില്‍ വീടോ 15 ലക്ഷം രൂപയോ ലഭിച്ചു കഴിഞ്ഞവര്‍ക്ക് തുക കൈമാറി ലഭിക്കുന്ന മാസവും തൊട്ടടുത്ത മാസവും മാത്രമേ വീട്ടു വാടകയായി നിലവില്‍ നല്‍കുന്ന ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. 402 ഗുണഭോക്താക്കളില്‍ 292 പേരാണ് ടൗണ്‍ഷിപ്പില്‍ വീട് തെരഞ്ഞെടുത്തത്.

Advertisements
Share news